തിരുവനന്തപുരം> അലങ്കാരമത്സ്യങ്ങളുടെ നിറംകൂട്ടാൻ എന്തു ചെയ്യണം. ചോദ്യം കഴക്കൂട്ടം ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കാരായ മുഹമ്മദ് ഇർഫാനോടും കണ്ണനോടുമാണെങ്കിൽ ഉത്തരം റെഡി. അലങ്കാരമത്സ്യങ്ങളുടെ നിറവർധനയ്ക്ക് കരോട്ടിൻ അടങ്ങിയ ഭക്ഷണം നൽകുന്നതിന്റെ സാധ്യതകളെപ്പറ്റിയായിരുന്നു കേരള ശാസ്ത്ര കോൺഗ്രസിൽ ഇരുവരുടെയും പ്രബന്ധം. വേറിട്ടതും വ്യത്യസ്തവുമായ പ്രബന്ധാവതരണത്തിലൂടെ സെന്ററിലെ പി എൽ അപർണ, ആദർശ് മഹേന്ദ്രൻ, ജെ എം അഭിജിത്ത്, കണ്ണൻ, മുഹമ്മദ് ഇർഫാൻ, ശിൽപ്പ ശശി, കരിഷ്മ, എൽ എസ് പാർവതി, അൻസി എം നായർ, സോജൻ ജേക്കബ് തരകൻ എന്നിവരാണ് ശാസ്ത്ര കോൺഗ്രസിലെ താരമായി.
ശബ്ദമലിനീകരണം, വെള്ളത്തിന്റെ ശുദ്ധീകരണം, ആരോഗ്യവും പോഷണവും, വിത്ത് മുളപ്പിക്കുന്നതിൽ ഉപ്പിന്റെ പങ്ക്, ടൂത്ത് പേസ്റ്റിന്റെ സ്വാധീനം കുടിവെള്ളത്തെ ബാധിക്കുന്നത്, ചിലന്തികളുടെ പ്രാധാന്യം, ഹാൻഡ് വാഷും ജലമലിനീകരണവും, ഉറുമ്പുകളുടെ പ്രാധാന്യം എന്നീ വിഷയങ്ങളിലായിരുന്നു അവതരണം. ശാസ്ത്രജ്ഞരുടെ ഓരോ ചോദ്യത്തെയും പ്രതിഭാ മികവുകൊണ്ട് അവർ ഉജ്വലമായി നേരിട്ടു. ഡോ. വി എം നിഷ ഗവേഷണത്തിന് നേതൃത്വം നൽകി.
ഭിന്നശേഷിക്കുട്ടികളുടെ ഗവേഷണകൗതുകം പ്രോത്സാഹിപ്പിക്കാനും ദേശീയ-–-അന്തർദേശീയ തലത്തിലെത്തിക്കുന്നതിനുമായി മാജിക് പ്ലാനറ്റിൽ സയൻഷ്യ എന്ന ഗവേഷണ കേന്ദ്രം ആരംഭിച്ചിരുന്നു. ആദ്യമായാണ് ഭിന്നശേഷിക്കാരായ വിദ്യാർഥികൾ കേരള ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമാകുന്നത്. വരും വർഷത്തിലും ഇത് തുടരാൻ ആലോചിക്കുന്നതായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ പി സുധീർ പറഞ്ഞു. അവരുടെ ഉന്നമനത്തിനുള്ള പദ്ധതികളും ആലോചനയിലാണെന്ന് അദ്ദേഹം പറഞ്ഞു.