അഗളി> അട്ടപ്പാടി മേട്ടുവഴിയില് ഒരു വീട്ടില് മൂന്ന് എംബിബിഎസ് വിദ്യാര്ഥികള്. കൂലിപ്പണിക്കാരനായ ചെറുവള്ളിപ്പറമ്പില് രാമന്റെ(രാമചന്ദ്രന്)യും ഇരുള ആദിവാസി വിഭാഗത്തില്നിന്നുള്ള കമലയുടെയും മൂന്ന് മക്കളാണ് മെഡിക്കല് വിദ്യാഭ്യാസം നേടുന്നത്. മൂത്ത മകന് ഇന്ദ്രജിത്ത് മൂന്നാം വര്ഷവും രണ്ടാമത്തെ മകള് ഇന്ദ്രജ രണ്ടാം വര്ഷവുമാണ് പഠിക്കുന്നത്. ഇളയവള് ഇന്ദുജ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജില് ചേര്ന്നത്.
എല്ലാവര്ക്കും ആദ്യ ആലോട്ട്മെന്റില് തന്നെ എംബിബിഎസിന് പ്രവേശനം ലഭിച്ചു. മൂവരും കോഴിക്കോട് മലബാര് മെഡിക്കല് കോളേജ് ആന്ഡ് റിസര്ച്ച് സെന്ററിലാണ് പഠിക്കുന്നത്. രാമനും കമലയും അഞ്ചാം ക്ലാസ് വരെയെ പഠിച്ചിട്ടുള്ളൂ. എന്നാല്, മക്കള്ക്ക് മികച്ച വിദ്യഭ്യാസം നല്കാന് കഠിനമായി പ്രയത്നിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമാകുന്നതെന്ന് രാമന് പറഞ്ഞു.
വീട്ടില്നിന്ന് എട്ട് കിലോമീറ്റര് അകലെയുള്ള സ്കൂളിലാണ് കുട്ടികള് പഠിച്ചത്. വന്യമൃഗ ശല്യമുള്ള കാടും ദുര്ഘട നാട്ടുവഴികളും താണ്ടിയാണ് സ്കൂള് എത്തിയിരുന്നത്. അഞ്ച് വര്ഷം മുമ്പാണ് ഇവിടെ വൈദ്യുതിയും വെള്ളവും എത്തിയത്. ഇന്ദ്രജിത്തും ഇന്ദ്രജയും എല്പി സ്കൂള് വിദ്യാഭ്യാസം പൂര്ത്തിയാക്കിയ ശേഷം മലമ്പുഴയിലെ നവോദയ സ്കൂളില് ചേര്ന്നു. പത്താം ക്ലാസ് വരെ ഇവിടെയായിരുന്നു പഠനം. പ്ലസ് ടു പഠിച്ചത് അഗളി ഗവ. ഹയര് സെക്കന്ഡറി സ്കൂളില്. ബ്ലോക്ക് പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ പാലായില് എന്ട്രന്സ് കോച്ചിങ്ങിന് പോയി.
ഇന്ദുജ പ്ലസ്ടു വരെയും അട്ടപ്പാടിയിലാണ് പഠിച്ചത്. സിവില് സര്വീസ് പരീക്ഷ കൂടി വിജയിക്കണമെന്നാണ് ഇന്ദുജയുടെ ആഗ്രഹം. എംബിബിഎസ് പൂര്ത്തിയാക്കി ബിരുദാനന്തര ബിരുദവും നേടി അട്ടപ്പാടിയില് സേവനം ചെയ്യാനാണ് മൂവരുടെയും ആഗ്രഹം.