തിരുവനന്തപുരം> തൃശൂർ പുതുക്കാടിന് സമീപം ചരക്കുവണ്ടി പാളം തെറ്റി താറുമാറായ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത് 21 മണിക്കൂറിനുശേഷം. രണ്ട് ദിവസത്തിൽ 16 ട്രെയിൻ പൂർണമായും ആറെണ്ണം ഭാഗികമായും റദ്ദാക്കി. ഒരു പാളത്തിലൂടെ മാത്രമുള്ള യാത്ര ദുരിതമായി. വെള്ളിയാഴ്ച ഏഴ് മണിക്കൂർവരെ വൈകിയാണ് ട്രെയിനുകൾ ലക്ഷ്യസ്ഥാനത്തെത്തിയത്. ശനിയാഴ്ചയും അഞ്ച് മണിക്കൂർവരെ വൈകി. സ്ത്രീകളും കുട്ടികളും രോഗികളുമുൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാർ സ്റ്റേഷനുകളിൽ കുടുങ്ങി. ട്രെയിൻ തകരാറിലായാലും
ട്രാക്കിന് ചെറിയ തകരാറ് സംഭവിച്ചാലും യാത്രക്കാർ മണിക്കൂറുകൾ കുടുങ്ങുന്ന സ്ഥിതി ബദൽ റെയിൽപ്പാതയുടെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു. തിരുവനന്തപുരത്തുനിന്ന് കാസർകോടുവരെ അതിവേഗമെത്താവുന്ന സിൽവർലൈൻ പാതയുടെ അനിവാര്യതയും ഇവിടെ തെളിയുന്നു. പാതയിരട്ടിപ്പിക്കൽ പോലും ഇഴഞ്ഞുനീങ്ങുന്നതിനാൽ മലയാളികളുടെ ദുരിതയാത്ര ഇനിയും നീളുമെന്ന് ഉറപ്പ്. തിരുവനന്തപുരം–-കന്യാകുമാരി, ഏറ്റുമാനൂർ–-ചിങ്ങവനം, കുമ്പളം–-തുറവൂർ, തുറവൂർ–-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ ഇനിയും പൂർത്തിയായിട്ടില്ല. ബജറ്റിൽ ഇവയ്ക്കായി നീക്കിവച്ച തുക അപര്യാപ്തവുമാണ്.
ഷൊർണൂർ–-എറണാകുളം മൂന്നാം പാത 2018ൽ പ്രഖ്യാപിച്ചതാണെങ്കിലും ലൊക്കേഷൻ സർവേ പുരോഗമിക്കുന്നതേയുള്ളൂ. നേമം ടെർമിനൽ, കൊച്ചുവേളി വികസനം, അങ്കമാലി–-ശബരി പാത, പാലക്കാട് കോച്ച് ഫാക്ടറി, ഷൊർണൂർ യാർഡ് റീമോഡലിങ് തുടങ്ങിയവയ്ക്കൊന്നും ഇത്തവണത്തെ ബജറ്റിൽ പരിഗണന ലഭിച്ചില്ല. കേന്ദ്ര സർക്കാരിന്റെ നിസ്സഹകരണത്താലാണ് റെയിൽവേ വികസനം ഇഴഞ്ഞുനീങ്ങുന്നത്. സിൽവർലൈൻ പദ്ധതി സമയബന്ധിതമായി യാഥാർഥ്യമാകേണ്ടത് അനിവാര്യമാകുന്നതും ഇക്കാരണത്താൽതന്നെ.