തിരുവനന്തപുരം> വിവിധ സർട്ടിഫിക്കറ്റുകൾക്കായി വില്ലേജ് ഓഫീസ് കയറിയിറങ്ങി നടക്കണ്ട. എല്ലാം വീട്ടിൽത്തന്നെയുണ്ട്. തെളിവായി ഹാജരാക്കിയ രേഖകൾതന്നെയാണ് ഇനി സർട്ടിഫിക്കറ്റ്. പത്ത് പ്രധാന സർട്ടിഫിക്കറ്റിനാണ് വില്ലേജ് ഓഫീസിലോ ഓൺലൈനായോ അപേക്ഷ വേണ്ടാത്തത്. 2021 ഒക്ടോബറിൽ ഇറങ്ങിയ ഉത്തരവ് ജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് റവന്യു അധികൃതർ അഭ്യർഥിച്ചു. രേഖകൾ സാക്ഷ്യപ്പെടുത്തുന്നതും സ്വന്തമായി മതി. ഇപ്പോഴും നിരവധിപേരാണ് ഈ സർട്ടിഫിക്കറ്റുകൾക്കായി നേരിട്ട് വില്ലേജ് ഓഫീസിൽ എത്തുന്നത്.
സർട്ടിഫിക്കറ്റും പകരം രേഖകളും
ജാതി സർട്ടിഫിക്കറ്റ്
ജാതി രേഖപ്പെടുത്തിയ എസ്എസ്എൽസി ബുക്കോ മറ്റേതെങ്കിലും വിദ്യാഭ്യാസ രേഖയോ.
നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
ജനന സർട്ടിഫിക്കറ്റ്, എസ്എസ്എൽസി ബുക്ക്, റേഷൻ കാർഡ്, രക്ഷാകർത്താക്കളുടെ എസ്എസ്എൽസി, വിലാസത്തിന് തെളിവായി വോട്ടർ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, വൈദ്യുതി ബിൽ, വാട്ടർ ബിൽ, ടെലിഫോൺ ബിൽ.
റസിഡൻസ് സർട്ടിഫിക്കറ്റ്
ആധാർ, വൈദ്യുതി ബിൽ ഉൾപ്പെടെ ഏതെങ്കിലും ബില്ലുകൾ
മൈനോറിറ്റി സർട്ടിഫിക്കറ്റ്
മതം രേഖപ്പെടുത്തിയ എസ്എസ്എൽസി ബുക്ക്, മറ്റേതെങ്കിലും വിദ്യാഭ്യാസ രേഖ.
ബന്ധുത്വ (റിലേഷൻഷിപ്പ്) സർട്ടിഫിക്കറ്റ്
ബന്ധുത്വം രേഖപ്പെടുത്തിയ റേഷൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ആധാർ, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയവ. കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റിന് റേഷൻ കാർഡ് മതിയാകും.
ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ്
ആധാർ, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ഐഡി, സ്ഥാപനത്തിലെ തിരിച്ചറിയൽ കാർഡ്. അല്ലെങ്കിൽ ഗസറ്റഡ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ്.
മിശ്രവിവാഹ സർട്ടിഫിക്കറ്റ്
ജാതി രേഖപ്പെടുത്തിയ എസ്എസ്എൽസി ബുക്ക് അല്ലെങ്കിൽ വിദ്യാഭ്യാസ രേഖ, സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നൽകിയ വിവാഹ സർട്ടിഫിക്കറ്റ്.
ലൈഫ് സർട്ടിഫിക്കറ്റ്
ജീവൻ പ്രമാൺ ബയോമെട്രിക് ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാം
വൺ ആൻഡ് ദ സെയിം സർട്ടിഫിക്കറ്റ്
ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ വ്യക്തിയുടെ സത്യപ്രസ്താവന