മോസ്കോ> ഉക്രയ്നിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ ഫോണിൽ സംസാരിച്ചേക്കുമെന്ന് റിപ്പോർട്ട്. പുടിൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും ബന്ധപ്പെടും.
നാറ്റോ സൈന്യത്തിന് പിന്തുണ നൽകാൻ 3000 സൈനികരെക്കൂടി പോളണ്ടിലേക്ക് അയക്കുമെന്ന് അമേരിക്ക വെള്ളിയാഴ്ച പറഞ്ഞിരുന്നു. ആശങ്കകൾക്ക് ആക്കംകൂട്ടി ഉക്രയ്നിലെ എംബസി ഒഴിപ്പിക്കാൻ യുഎസ് തയ്യാറെടുക്കുന്നതായും അധികൃതർ അറിയിച്ചു. കീവ് എംബസിയിലുള്ള ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ അറിയിച്ച് ഉത്തരവിറങ്ങി.മുമ്പ് കീവ് എംബസിയിലെ ജീവനക്കാരുടെ കുടുംബങ്ങളോട് ഉക്രയ്ൻ വിടാൻ യുഎസ് നിർദേശിച്ചിരുന്നു.
പിന്നീട് അവരവരുടെ താൽപ്പര്യമനുസരിച്ച് മതിയെന്ന് തിരുത്തി. റഷ്യൻ ആക്രമണം ഉണ്ടായാൽ അമേരിക്കൻ പൗരരെ തിരികെയെത്തിക്കാൻ സൈന്യത്തെ അയക്കില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ നേരത്തേ പറഞ്ഞിരുന്നു. നാറ്റോ സഖ്യത്തിൽ അംഗങ്ങളായ ബ്രിട്ടൻ, ക്യാനഡ, നോർവേ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളും പൗരരോട് ഉക്രയ്ൻ വിടാൻ അറിയിച്ചിട്ടുണ്ട്.