തൃശൂർ > കാൽകഴുകിച്ചൂട്ട് എന്നപേരിൽ ആയിരക്കണക്കിന് വർഷം പഴക്കമുള്ള പ്രാകൃത വഴിപാട് ചടങ്ങ് ഇനി കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ഉണ്ടാകില്ല. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെയും സർക്കാരിന്റെയും ഇടപെടലിനെത്തുടർന്ന് കൊച്ചി ദേവസ്വം ബോർഡ് പ്രസിഡന്റ് വി നന്ദകുമാറിന്റെ നേതൃത്വത്തിൽ തന്ത്രി സമാജം ഭാരവാഹികളുമായി നടത്തിയ അടിയന്തര യോഗത്തിലാണ് ജാതിവിവേചനത്തിന് കുപ്രസിദ്ധമായ കാൽകഴുകിച്ചൂട്ട്, 12 നമസ്കാരം എന്നീ പ്രാകൃത വഴിപാടുകൾ അവസാനിപ്പിച്ചത്.
തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ കാൽക്കഴുകിച്ചൂട്ട് ഹൈക്കോടതിയിൽ നിയമനടപടി നേരിടുന്ന സാഹചര്യത്തിലും പരിഷ്കൃത സമൂഹത്തിന് ചേരാത്തതിനാലും ഒഴിവാക്കണമെന്ന നിർദേശം സർക്കാർ മുന്നോട്ടുവയ്ക്കുകയായിരുന്നു. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വഴിപാടുകൾ കാലോചിതമായി പരിഷ്കരിക്കാൻ തീരുമാനിച്ചു. നിലവിലുള്ള പ്രാകൃതവഴിപാടിന്റെ പേരുതന്നെ സമാരാധന എന്നാക്കി മാറ്റി. ക്ഷേത്രങ്ങളിൽ ശാന്തി ചെയ്യുന്ന ഏത് ജാതിക്കാർക്കും ഇനി സമാരാധനയിൽ പങ്കെടുക്കാം.
പാപ പരിഹാരത്തിനും മറ്റുമായി ജ്യോത്സ്യന്മാരാണ് ഈ കുപ്രസിദ്ധ വഴിപാട് നിർദേശിച്ചിരുന്നത്. ബ്രാഹ്മണ പൂജാരിമാരെ നിരത്തിയിരുത്തി പുറ്റുമണ്ണ് കാലിൽതേച്ചുപിടിപ്പിച്ച് തീർഥം ഉപയോഗിച്ച് കഴുകിക്കളയുന്നതാണ് ഈ പ്രാകൃതചടങ്ങ്. ബ്രാഹ്മണരെ ഭഗവാന്റെ പ്രതിരൂപമായി കണ്ടാണ് ചടങ്ങ്.
കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ ശിവകൃഷ്ണപുരം ക്ഷേത്രത്തിലും ഇരിങ്ങാലക്കുട കാറളം വെള്ളാനി ഞാലിക്കുളം മഹാദേവ ക്ഷേത്രത്തിലും കാൽകഴുകിച്ചൂട്ട് നടത്താൻ ശ്രമിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ കൊച്ചിൻ ദേവസ്വം ബോർഡിനുകീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലും ഇത്തരത്തിലുള്ള ചടങ്ങ് നിർത്തിവയ്പ്പിച്ചു.
ക്ഷേത്രങ്ങളിലെ ചില വഴിപാടുകളും പൂജാ വിധികളും കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ടെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാൻ എല്ലാ ദേവസ്വം ബോർഡുകൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.