കൊല്ലം > കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ കരുതിയിരിക്കുക, സ്ഫോടക വസ്തുക്കൾ മണത്തുപിടിക്കുന്നതിന് പരിശീലനം ലഭിച്ച റോണി കൊല്ലം സിറ്റി പൊലീസിന്റെ കെ-9 സ്ക്വാഡിൽ അംഗമായി. ഒന്നര വയസ്സുകാരൻ റോണി ഘ്രാണശക്തിയിൽ മന്നനായ ബെൽജിയം മാലിനോയിസ് ഇനത്തിൽപ്പെട്ട നായയാണ്.
വിശ്വസ്തനായ ബെൽജിയം മാലിനോയിസിനെയാണ് ബിൽലാദനെ കണ്ടുപിടിക്കാൻ അമേരിക്കൻ സൈന്യം നിയോഗിച്ചത്. തൃശൂർ പൊലീസ് അക്കാദമി ട്രെയിനിങ് സ്കൂളിൽ ആണ് റോണിക്കും ഹാൻഡ്ലർമാരായ ജിത്തുവിനും ഷിബുവിനും വിദഗ്ധ പരിശീലനം ലഭിച്ചത്. പഞ്ചാബിൽനിന്നാണ് നായയെ വാങ്ങിയത്.
നിലവിൽ കൊല്ലം സിറ്റി പൊലീസിൽ സ്ഫോടകവസ്തുക്കൾ മണത്തുപിടിക്കാൻ പരിശീലനം സിദ്ധിച്ച രണ്ടു നായകളുണ്ട്. മൂന്നാമനായാണ് റോണി എത്തിയത്. റോണിയെ കൊല്ലം സിറ്റി പൊലീസ് കമീഷണർ ആസ്ഥാനത്ത് എത്തിച്ചു. കമീഷണർ ടി നാരായണൻ, അഡീഷണൽ എസ്പി ജോസി ചെറിയാൻ, ക്രൈംബ്രാഞ്ച് എസിപി സോണി ഉമ്മൻകോശി, എസ്ഐ ജയസൂര്യ എന്നിവർ സല്യൂട്ട് സ്വീകരിച്ചു.
കൊല്ലം ട്രാഫിക് പൊലീസ് സ്റ്റേഷനു സമീപത്താണ് കെ-9 സ്ക്വാഡിനും താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. സിറ്റി ഡോഗ് സ്ക്വാഡിൽ ബെൽജിയം മാലിനോയിസിൽപ്പെട്ട മറ്റൊരു നായ കൂടിയുണ്ട്. എന്നാൽ, അതിന് മോഷ്ടാക്കളെയും മോഷണമുതലും കണ്ടുപിടിക്കുന്നതിലാണ് വൈദഗ്ധ്യം.