തൃശൂർ> പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടർന്ന് തകർന്ന റെയിൽപാളം മാറ്റി സ്ഥാപിച്ചു. ഗതാഗതം പുനഃസ്ഥാപിച്ചു. നേരത്തെ എൻജിനും അഞ്ചുബോഗികളും നീക്കിയിരുന്നു. 150 മീറ്ററോളം നീളത്തിൽ തകരാറിലായ പാതയാണ് 20 മണിക്കൂറിലേറെ പ്രയത്നിച്ച് പുനസ്ഥാപിച്ചത്. സുരക്ഷ ഉറപ്പാക്കിയ ശേഷം ശനിയാഴ്ച രാവിലെ 11. 08ന് മലബാർ എക്സ്പ്രസ്സ് ട്രെയിൻ വേഗത നിയന്ത്രിച്ച് കടത്തിവിട്ടു. വൈകിട്ടോടെ റെയിൽ ഗതാഗതം പൂർവ്വസ്ഥിതിയിലാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
വെള്ളിയാഴ്ച പകൽ രണ്ടോടെയാണ് ഇരുമ്പനത്തേക്ക് ഇന്ധനം നിറക്കാൻ പോയ തീവണ്ടി പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപത്ത് പാളം തെറ്റിയത്.നിലവിൽ ഇരുദിശയിലേക്കുമുള്ള തീവണ്ടികൾ ഒരു പാതയിലൂടെയാണ് കടത്തിവിട്ടിരുന്നത്. 200 ഓളം തൊഴിലാളികൾ ചേർന്ന് രാവും പകലും പ്രയത്നിച്ചാണ് പാത പൂർവ്വസ്ഥിതിയിലാക്കിയത്. എൻജിനും അഞ്ച് ബോഗികളും പാതയിൽ നിന്ന് തെന്നിമാറിയ നിലയിലായിരുന്നു.
ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് പാളം തെറ്റിയ ബോഗികൾ അപകടസ്ഥലത്തു നിന്ന് മാറ്റൽ പൂർണമായത്. ഹൈഡ്രോളിക് ജാക്കിവച്ച് ഉയർത്തിയശേഷം ക്രെയിൻ ഉപയോഗിച്ച് മാറ്റുകയായിരുന്നു. എൻജിൻ എറണാകുളത്തേക്കും, ബോഗികൾ പുതുക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്തേക്കുമാണ് മാറ്റിയത്.തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ആർ. മുകുന്ദിന്റെ നേതൃത്വത്തിൽ റെയിൽവേ ഉദ്യോഗസ്ഥരും ഷൊർണൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള എഞ്ചിനീയറിങ്, ഇലക്ട്രിക് വിഭാഗവും ആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്നാണ് പാത പൂർവ്വസ്ഥിതിയിലാക്കിയത്.