തൃശൂർ: പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ തീവണ്ടി ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു. പാളം തെറ്റിയ ബോഗികൾ മാറ്റിയിട്ടുണ്ട്. പാളത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. അതേസമയം ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന ഒൻപത് ട്രെയിനുകൾ റദ്ദാക്കുകയും നിരവധി ട്രെയിനുകൾ വൈകിയോടുകയും ചെയ്യുന്നു.
തിരുവനന്തപുരം- ഷൊർണൂർ എക്സ്പ്രസ്, ഷൊർണൂർ- എറണാകുളം മെമു എക്സ്പ്രസ്, എറണാകുളം- കണ്ണൂർ ഇന്റർസിറ്റി, എറണാകുളം- ആലപ്പുഴ എക്സ്പ്രസ്, കോട്ടയം-നിലമ്പൂർ എക്സ്പ്രസ്, എറണാകുളം- ആലപ്പുഴ എക്സ്പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്, തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, ഗുരുവായൂർ- എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ എന്നിവയാണ് റദ്ദാക്കിയത്.
ഗുരുവായൂർ- തിരുവനന്തപുരം എക്സ്പ്രസ് എറണാകുളം വരെ സർവീസ് നടത്തും. പുനലൂർ- ഗുരുവായൂർ എക്സ്പ്രസ് തൃപ്പൂണിത്തുറ വരേയും തിരുനെൽവേലി-പാലക്കാട് പാലരുവി എക്സപ്രസ് കൊല്ലം വരേയും സർവീസ് നടത്തും. കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് ഷൊർണൂർ വരേയും സർവീസ് നടത്തും. കൊച്ചുവേളി നിലമ്പൂർ റോഡ് എക്സ്പ്രസ് ഒരു മണിക്കൂർ വൈകി ഓടുന്നു. തിരുവനന്തപുരം-മംഗളൂർ സെൻട്രൽ മാവേലി എക്സ്പ്രസ് ഒരു മണിക്കൂർ വൈകി ഓടുന്നു. എറണാകുളം ജംഗ്ഷൻ-കാരക്കൽ എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകി ഓടുന്നു. തിരുവനന്തപുരം- നിസാമുദ്ദീൻ എക്സപ്രസ് രണ്ട് മണിക്കൂറും വൈകി ഓടുന്നു.
അഞ്ച് വാഗണുകളാണ് പാളം തെറ്റിയത്. പാളം തെറ്റിയ വാഗണുകൾ പാളത്തിലേക്ക് മാറ്റി വെച്ചിട്ടുണ്ട്. ഇനി ഇവ ട്രാക്കിൽ നിന്ന് മാറ്റിയ ശേഷം പാളത്തിന്റെ ജോലികൾ പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ. ഗതാഗതം ഉച്ചയോടെ പൂർണമായി പുനഃസ്ഥാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ.
മംഗലാപുരത്തുനിന്ന് എറണാകുളം ഇരുമ്പനത്തേക്ക് പോകുകയായിരുന്ന കാലിയായ പെട്രോൾ ടാങ്കർ തീവണ്ടി എൻജിനും തൊട്ടുപിന്നിലുള്ള നാല് ടാങ്കറുമാണ് പാളം തെറ്റിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.58-നാണ് സംഭവം. നൂറ് മീറ്ററോളം റെയിൽപാളം സ്ലീപ്പറിൽനിന്ന് വേർപെട്ടു. ഇതോടെ ഒരുഭാഗത്തേക്കുള്ള തീവണ്ടിഗതാഗതം പൂർണമായി തടസപ്പെടുകയായിരുന്നു. പുതുക്കാടിനും ഇരിങ്ങാലക്കുടയ്ക്കും ഇടയിലുള്ള തെക്കേ തൊറവിൽ ക്യാബിൻ ഗേറ്റിന് സമീപമാണ് ചരക്കുവണ്ടി പാളംതെറ്റിയത്. സ്ലീപ്പറുകൾ മാറ്റി സ്ഥാപിക്കുന്ന മേഖലയാണിത്.
Content Highlights: Ninetrains cancelled as track maintainance due to derailment in Thrissur