കൊച്ചി: കൊച്ചി നഗരസഭക്ക് കോടികളുടെ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തൽ. വൻകിട കെട്ടിട ഉടമകളുടെ വസ്തു നികുതി പിരിക്കാതെ ആറ് കോടിയിലധികം രൂപയുടെ നഷ്ടം വരുത്തി. ഇ- ഗവേണൻസ് പദ്ധതി സമ്പൂർണ പരാജയമായി മാറിയെന്നും ഫോർട്ട് കൊച്ചിയിലെ റോറോ സർവീസിന്റെ കാര്യത്തിലും ഭൂഗർഭ കേബിൾസ്ഥാപിച്ചതിൽ നിന്ന് ഫീസ് പരിച്ചതിലും വലിയ നഷ്ടം സംഭവിച്ചുവെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
2019-20 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടാണ് പുറത്തുവന്നിരിക്കിന്നത്. യുഡിഎഫ് ആയിരുന്നു ആ സമയത്ത് കൊച്ചി കോർപറേഷൻ ഭരിച്ചിരുന്നത്. കോർപറേഷന്റെ തനത് വരുമാനം വർധിപ്പിക്കുകയാണ് പ്രധാന ദൗത്യം എന്നിരിക്കെ പിരിഞ്ഞുകിട്ടാനുള്ള പണം പോലും പിരിച്ചെടുക്കാൻ സാധിക്കാത്ത ഒരു ഭരണസംവിധാനമായി മാറി. അതോടൊപ്പം ഉദ്യോഗസ്ഥ-ഭരണതലത്തിലെ കെടുകാര്യസ്ഥത മൂലം കോർപറേഷന് വലിയ നഷ്ടം സംഭവിക്കുകയും അഴിമതി നടക്കുകയും ചെയ്തുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇ- ഗവേണൻസ് പദ്ധതി സമ്പൂർണ പരാജയമായി മാറി എന്നതാണ് ഓഡിറ്റ് റിപ്പോർട്ടിലെ മറ്റൊരു കണ്ടെത്തൽ. ഏതാണ്ട് അഞ്ചര കോടി രൂപയാണ് ഇ- ഗവേണൻസ് പദ്ധതി നടപ്പാക്കുന്നതിനായി ടിസിഎസിന് നൽകിയത്. എന്നാൽ അവർ നൽകിയ 20 മൊഡ്യൂളുകളും പ്രവർത്തനക്ഷമമല്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ മറ്റെല്ലാ തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനം ഉപയോഗിച്ചാണ് വെബ്സൈറ്റ് അടക്കം രൂപകൽപന ചെയ്തത്. എന്നാൽ കൊച്ചി കോർപറേഷൻ അത് സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുകയായിരുന്നു. മറ്റ് തദ്ദേശ സ്ഥാപനങ്ങൾ നല്ല രീതിയിൽ ഓൺലൈൻ സംവിധാനവുമായി മുന്നോട്ട് പോകുമ്പോൾ, കൊച്ചി കോർപറേഷനിൽ ഇത് ഇപ്പോഴും പരിമിതമാണെന്നാണ് പ്രധാന വസ്തുത. ഇതിൽ 5.5 കോടിയുടെ നഷ്ടമാണ് ഓഡിറ്റ് വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
അതോടൊപ്പം വെല്ലിങ്ടൺ ഐലന്റിലെ കെട്ടിടങ്ങളുടെയും മറ്റ് കെട്ടിടങ്ങളുടേയും കെട്ടിടനികുതി പിരിച്ചെടുക്കുന്നതിൽ കൃത്യതയില്ലാത്തത് മൂലം കോടികളുടെ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഫോർട്ട് കൊച്ചിയിലെ റോറോ സർവീസിൽ കെഎസ്ഐഎൻസിയുടെ കണക്കുകൾ അതേപടി അംഗീകരിച്ചു. അതിൽ 57 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. ഭൂഗർഭ കേബിൾ സ്ഥാപിച്ചതിൽ ഒറ്റത്തവണ ഫീസ് ഈടാക്കാത്തതിൽ ഏതാണ്ട് 31 ലക്ഷത്തിന്റെ നഷ്ടമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
Content Highlights : Audit report of Kochi corporation shows huge loss of almost 6 crores in Tax Collection















