തിരുവനന്തപുരം > പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണമേന്മയും പരിപാലനവും ഉറപ്പ് വരുത്താൻ ആരംഭിച്ച ഡിഎൽപി പരിഷ്കാരം (ഡിഫക്ട് ലയബിലിറ്റി പീരിയഡ്) ലക്ഷ്യത്തിലേക്ക്. ഡിഎൽപി ഉള്ള 1067 റോഡിലും 1253 പാലത്തിലും കരാറുകാരന്റെയും ചുമതലപ്പെട്ടവരുടെയും ഫോൺനമ്പർ അടക്കമുള്ള ബോർഡ് സ്ഥാപിച്ചു.
കൊല്ലം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ ബോർഡ് സ്ഥാപിക്കൽ നൂറ് ശതമാനമായി. ബോർഡ് സ്ഥാപിച്ചശേഷം ലഭിച്ച നൂറിലധികം പരാതിക്ക് പരിഹാരം കാണാനായെന്ന് – മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
എന്താണ് ഡിഎൽപി
ഒരു നിർമാണപ്രവൃത്തി പൂർത്തിയായാൽ നിശ്ചിത കാലയളവ് വരെ അതിന്റെ അറ്റകുറ്റപ്പണിയും കരാറുകാരൻ തന്നെ നടത്തണം. ആറുമാസംമുതൽ അഞ്ചുവർഷംവരെ പരിപാലനകാലയളവുള്ള പദ്ധതികളുണ്ട്. ഇവിടെയെല്ലാം ‘ഡിഎൽപി’ ബോർഡ് സ്ഥാപിക്കും. അറ്റകുറ്റപ്പണി ചെയ്യുന്നതിൽ വീഴ്ചയുണ്ടായാൽ ജനങ്ങൾക്ക് ബന്ധപ്പെട്ടവരെ നേരിട്ട് വിവരമറിയിക്കാം. മന്ത്രിയുടെ ഓഫീസിലെ നമ്പറും ബോർഡിലുണ്ടാകും.