കാസർകോട് > കേരളത്തിന്റെ ഗതിയാകും യുപിക്കെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞ കേരളത്തിൽ യുപിക്കാർ കഴിയുന്നത് സമാധാനത്തിന്റെ കൊടുമുടിയിൽ. യുപിക്കാരടക്കം ലക്ഷക്കണക്കിന് അതിഥിത്തൊഴിലാളികളാണ് കേരളത്തിൽ തൊഴിലെടുത്ത് സന്തോഷമായി ജീവിക്കുന്നത്. കേരളത്തെ കുറിച്ച് അവരുടെ അഭിപ്രായങ്ങളിലൂടെ.
അമാൻ മടങ്ങി വരും; കേരളത്തിലെ സൗഹാർദ പൂക്കൾ തേടി!
പെരിയ കേന്ദ്രസർവകലാശാലയിലെ അവസാന വർഷ എംഎ ഇംഗ്ലീഷ് വിദ്യാർഥിയായ സയ്യിദ് അമാൻ റാസാ റിസ്വി ഇപ്പോൾ യുപി ഗൊരഖ്പുരിലെ വീട്ടിലാണ്. കോവിഡ് മൂർച്ഛിച്ചപ്പോൾ മടങ്ങിയതാണ്. അതുവരെ കൊല്ലം കുണ്ടറ കുഴിമതിക്കാട്ടെ സമ്പത്തിന്റെ വീട്ടിലായിരുന്നു. സമ്പത്തിന്റെ അച്ഛൻ ഉദയകുമാറിന്റെയും അമ്മ മിനിയുടെയും മറ്റൊരു മകനായി.
ഓൺലൈനിൽമാത്രം കണ്ട ഇതരമതസ്ഥനായ കൂട്ടുകാരന്റെ വീട്ടിൽ മൂന്നാഴ്ച ജീവിച്ചത് അമാന് മറക്കാനാകില്ല. ഇവിടെ തങ്ങളിലൊരാളായി അവർ അമാനെ കാത്തു. പ്രാർഥിക്കാൻ നിസ്കാരപ്പായയൊരുക്കി. ഉടുക്കാൻ കേരളമുണ്ട് നൽകി. ദാൽ ഫ്രൈയും കപ്പയും മീനും ഉൾപ്പെടെയുള്ള വിഭവങ്ങളൊരുക്കി. ‘‘ഇത് കേരളത്തിൽമാത്രം സാധ്യമായ സൗഹാർദമാണ് സർ…’’–-അമാൻ പറഞ്ഞു. ഇത്തരം സ്നേഹത്തിന്റെ പൂക്കൾ ഒരിക്കലും വിരിയാനിടയില്ലാത്ത ഗൊരഖ്പുരിലിരുന്ന്, ഇപ്പോഴത്തെ യുപിയെക്കുറിച്ച് പറയാൻ അമാന് ഭയമാണ്! പക്ഷേ, ഒന്നവൻ പറഞ്ഞു: ‘‘കേരളം സൂപ്പർ’’!
കഴിഞ്ഞ വർഷമാണ് അമാൻ കേന്ദ്രസർവകലാശാലയിൽ എത്തുന്നത്. തൊട്ടുപിന്നാലെ കോവിഡും പെരുത്തു. ഹോസ്റ്റലിൽ തങ്ങാൻ പറ്റാത്തതിനാലാണ് സഹപാഠിയായ സമ്പത്തിന്റെ വീട്ടിലേക്ക് പോയത്. അമാൻ മടങ്ങി വരും; കേരളത്തിൽ മാത്രമുള്ള സൗഹാർദത്തിന്റെ പൂക്കൾ തേടി!
ഞങ്ങൾക്കിത് സ്വർഗരാജ്യം
“നാട്ടിൽ മുടിവെട്ടുപോലും ജാതി അടിസ്ഥാനത്തിലാണ്. ജാതി നോക്കാതെ പെരുമാറുന്നവരാണ് കേരളത്തിൽ. സന്തോഷവും സമാധാനവുമുണ്ട്. ഞങ്ങൾക്ക് സ്വർഗമാണ് കേരളം. മനുഷ്യരാണെന്ന തോന്നലുണ്ടായത് കേരളത്തിൽ ജീവിച്ചപ്പോഴാണ്’ അഭിമാനത്തോടെ മുഹമ്മദ് സൽമാനും ഷമീർ സൽമാനിയും പറഞ്ഞു. യുപി സഹരൻപുറുകാരായ ഇരുവരും പെരുമ്പാവൂരിൽ ബാർബർ ഷോപ് നടത്തുകയാണ്.
നാട്ടിൽ സ്കൂളില്ല, കുടിവെള്ളമില്ല. പഠിക്കാതെയാണ് വളർന്നത്. ആ നാട്ടിലാണ് മൃതദേഹം മറവുചെയ്യാൻ സൈക്കിളിൽ കെട്ടിവച്ചുകൊണ്ടുപോയത്. കേരളത്തിൽ വെള്ളപ്പൊക്കവും കോവിഡും വന്നപ്പോൾ സർക്കാർ താമസവും ഭക്ഷണവും നൽകി. കോവിഡുകാലത്ത് ചികിത്സയും സൗജന്യമായിരുന്നു. സർക്കാർ ഉദ്യോഗസ്ഥരെത്തി കുട്ടികളെ സ്കൂളിൽ ചേർത്തു. നാട്ടിൽ ദിവസക്കൂലി 200 രൂപയാണ്. ഇവിടെ ഒരാളുടെ തലമുടി വെട്ടിയാൽ 100 രൂപ കിട്ടും.
ഉത്തർപ്രദേശ് കേരളമാകണം
“ഉത്തർപ്രദേശ് കേരളമാകണം’, ഏറെ പ്രതീക്ഷയോടെയാണ് ഡാനിഷ് ഖാന്റെ വാക്കുകൾ. മൂന്നുവർഷമായി ഫോർട്ട് കൊച്ചി കുന്നുംപുറത്ത് ബാർബർഷോപ്പിലാണ് ജോലി. യുപി ബിജ്നോർ ജില്ലയിൽ മെഹിബുല്ലാപ്പുരാണ് നാട്. ബിരുദധാരിയാണ് ഡാനിഷ് ഖാൻ.
നാട്ടിൽ സ്വാതന്ത്ര്യമില്ലെന്നാണ് ഡാനിഷിന്റെ പ്രധാന പരാതി. കേരളത്തിൽ പണിയെടുത്താൽ പണം കിട്ടും. സർക്കാർ ജനങ്ങളുടെ ആവശ്യമറിഞ്ഞ് പ്രവർത്തിക്കും. പഠിച്ചാൽ ജോലി കിട്ടും. യുപിയിൽ കോവിഡുകാലത്ത് മൃതദേഹങ്ങൾ ഗംഗയിൽ ഒഴുക്കിയത് മനസ്സിനെ വേദനിപ്പിച്ചു. മുസ്ലിങ്ങളെ ഒഴിവാക്കുക എന്ന ലക്ഷ്യമാണ് യുപി സർക്കാരിന്. തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുമെന്നും ഡാനിഷ് പറഞ്ഞു.
അവിടെ ഡോക്ടറുമില്ല, മരുന്നുമില്ല; ഇവിടെ സൗജന്യം
‘‘യുപിയിലെ സർക്കാർ ആശുപത്രികളിൽ ഡോക്ടറുമില്ല, മരുന്നുമില്ല. ഇവിടെ എല്ലാം സൗജന്യമായി ലഭിക്കും–- 14 വർഷമായി കണ്ണൂരിൽ താമസിക്കുന്ന മൻജീത് മിശ്ര പറയുന്നു. കൃഷിയെല്ലാം വെള്ളം കയറി നശിച്ച് നിൽക്കക്കള്ളിയില്ലാതെയാണ് കേരളത്തിലെത്തിയത്. ഇവിടെ ജീവിതം സുഖകരമാണ്.
അച്ഛൻ വിജയശങ്കർ മിശ്രയും അമ്മ സോപാമിശ്രയും കൃഷിക്കാരാണ്. മഴയത്ത് വെള്ളം കയറി കൃഷിയെല്ലാം നശിക്കും. വീണ്ടും കൃഷിയിറക്കാൻ നല്ലൊരു തുകവേണം. സർക്കാർ ധനസഹായമൊന്നും ലഭിക്കില്ല്ല. സഹോദരങ്ങളെ പഠിപ്പിക്കാനും അച്ഛനെയും അമ്മയെയും സംരക്ഷിക്കാനുമായി മാസാമാസം പണം അയച്ചുകൊടുക്കുന്നുണ്ട്. നല്ല നിലയിലാണ് അവർ ജീവിക്കുന്നത്. കേരളം സ്വർഗമാണെന്ന് മൻജീത് പറയുന്നു.