കോഴിക്കോട്: അഞ്ച് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പി.വി അൻവർ എം.എൽ.എയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത റോപ്പ് വേ പൊളിച്ചുനീക്കുന്നു. ഒരു റോപ്പ് വേ പോയാൽ ആരും ഇവിടെ പൊട്ടിക്കരയാൻ പോകുന്നില്ലെന്ന് പൊളിച്ചുനീക്കൽ നടപടികൾക്ക് പിന്നാലെ അൻവർ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു.
ചീങ്കണ്ണിപ്പാറയിലെ വിവാദ തടയണ പൊളിച്ചുനീക്കിയതിന് പിറകെയാണ് നേരത്തെ എംഎൽഎയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്തെ തടയണയ്ക്ക് കുറകേയുള്ള റോപ്പ് വേയും പൊളിക്കുന്നത്. റോപ്പ് വേ ടവറുകളാണ് ആദ്യഘട്ടത്തിൽ പൊളിച്ചുനീക്കുന്നത്. ഈ ജോലികൾ പൂർത്തിയാക്കാൻ 10 ദിവസമെടുക്കുമെന്ന് തൊഴിലാളികൾ പറയുന്നു.
കേവലം റസ്റ്റോറന്റിനുള്ള ലൈസൻസിന്റെ മറവിൽ കക്കാടംപൊയിൽ ചീങ്കണ്ണിപാറയിൽ വനഭൂമിയോട് ചേർന്ന് മൂന്ന് മലകളെ ബന്ധിപ്പിച്ച് നിർമിച്ച റോപ്പ് വേയാണ് പൊളിച്ചുനീക്കുന്നത്. തദ്ദേശ സ്വയംഭരണം ഓംബുഡ്സ്മാന്റെ ഉത്തരവിലാണ് ഊർങ്ങാട്ടിരി പഞ്ചായത്തിന്റെ നടപടി. 1.47 ലക്ഷം രൂപയ്ക്കാണ് കരാർ.
ഒരു റോപ്പ് വേ പോയാൽ ഒരു രോമം പോകുന്നത് പോലെയെ തനിക്കുള്ളുവെന്ന് പരാതിക്കാരനേയും മാധ്യമങ്ങളെയും അപഹസിച്ച് അൻവർ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഇത്ര ആഘോഷിക്കാൻ മാത്രം ആരും ഇവിടെ പൊട്ടിക്കരഞ്ഞ് തളർന്നുകിടക്കാൻ പോകുന്നില്ലെന്നും പോസ്റ്റിൽ പറയുന്നു.
ആര്യാടൻ കുടുംബത്തിന്റെ അനുയായിയാണ് രാഷ്ട്രീയ പ്രേരിതമായ കേസിന് പിന്നിലെന്നാണ് അൻവറിന്റെ ആരോപണം.
അതേസമയം അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിലായിരുന്നു നിലമ്പൂർ എംഎൽഎയുടെ നിയമലംഘനമെന്നും സത്യം ജയിച്ചെന്നും പരാതിക്കാരൻ പറഞ്ഞു.
content highlights:illegal rope way demolishment, pv anwar facebook post