ചേർത്തല > വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിയുമായി യുവാവിനെ പൊലീസ് പിടികൂടി. കൊച്ചി തമ്മനം മുല്ലേത്ത് ലിജു(44) ആണ് പിടിയിലായത്. 138 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സ്വകാര്യബസ് യാത്രയ്ക്കിടെ വെള്ളി വൈകിട്ട് ചേർത്തല – അരൂക്കുറ്റി റോഡിൽ മണപ്പുറം ബസ് സ്റ്റോപ്പിലാണ് ഇയാൾ പിടിയിലായത്. ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് പൊലീസ് മേധാവി ജി ജയ്ദേവ് പറഞ്ഞു. കർണാടകയിൽനിന്ന് ബസിൽ ചേർത്തലയിൽ എത്തിച്ച് പൂച്ചാക്കൽ ഭാഗത്ത് ചില്ലറ വിൽപ്പനയ്ക്ക് കൊണ്ടുപോകുകയായിരുന്നു.
നേരത്തെ പൂച്ചാക്കൽ പൊലീസ് എംഡിഎംഎ പിടികൂടിയിരുന്നു. പ്രതികളിൽനിന്ന് ലഭിച്ച വിവരം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എറണാകുളം – അരൂക്കുറ്റി – ചേർത്തല റൂട്ടിലെ ബസിലാണ് ഇയാൾ സഞ്ചരിച്ചത്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. ചേർത്തല ഡിവൈഎസ്പി ടി ബി വിജയന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ്, നർകോട്ടിക് സെൽ ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ്, പൂച്ചാക്കൽ സിഐ എം അജയമോഹന്റെ നേതൃത്വത്തിലെ സംഘം എന്നിവരാണ് അന്വേഷണം നടത്തുന്നത്. പ്രത്യേക സ്ക്വാഡിലെ ജാക്സൺ, ഉല്ലാസ്, സേവ്യർ, ജിതിൻ, അനൂപ്, പ്രവീഷ്, ഗിരീഷ്, എബി തോമസ്, ശ്യാംകുമാർ, അബിൻകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.