തിരുവനന്തപുരം > മാധ്യമ ഉള്ളടക്കത്തിലെ സ്ത്രീവിരുദ്ധത ഒഴിവാക്കണമെന്നും മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അടക്കമുള്ള വിവിധ നയങ്ങൾ ഉൾപ്പെടുത്തി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് വേണ്ടി മീഡിയ സബ്കമ്മിറ്റി തയാറാക്കിയ “മാധ്യമങ്ങൾക്ക് ഒരു വനിതാ നയം’ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ പ്രകാശനം ചെയ്തു. പിഎസ്സി അംഗം ആർ പാർവതിദേവി ഏറ്റുവാങ്ങി.
മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി അധ്യക്ഷയായി. മാധ്യമങ്ങളിലൂടെയും മാധ്യമ സ്ഥാപനങ്ങൾക്കകത്തും തുടർന്ന് വരുന്ന സ്ത്രീവിരുദ്ധ പ്രവണതകൾക്ക് എതിരെയുള്ള തിരുത്തൽ രേഖയായി മഹിളാ അസോസിയേഷന്റെ ഉദ്യമത്തിന് സാധിക്കുമെന്ന് കെ കെ ശൈലജ പറഞ്ഞു. ഇത് ചരിത്രത്തിന്റെ ഭാഗമാകുമെന്നും നവോത്ഥാന ആശയങ്ങൾക്ക് ബൂസ്റ്റർ ഡോസ് എടുക്കേണ്ട സമയമാണിതെന്നും ശൈലജ പറഞ്ഞു.
മാധ്യമങ്ങളുടെ ഉള്ളടക്കത്തിലും ചിത്രീകരണത്തിലും സ്ത്രീക്ക് നീതി കിട്ടുന്നുവെന്ന് ഉറപ്പാക്കുക, വാർത്തകളിൽ സ്ത്രീ വിരുദ്ധത ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുക, മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുക, മാധ്യമസ്ഥാപനങ്ങളുടെ നടത്തിപ്പിലും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങി വിവിധ നയങ്ങൾഉൾപ്പെടുത്തിയാണ് നയം തയാറാക്കിയത്. മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി എൻ സീമ, എൻ സുകന്യ, എം ജി മീനാംബിക, സംസ്ഥാന സെക്രട്ടറി സി എസ് സുജാത, ട്രഷറർ ഇ പദ്മാവതി, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ എസ് പുഷ്പലത, അഡ്വ. സബിദാ ബീഗം, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി ഗീനാകുമാരി, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി അമ്പിളി, സുജ സൂസൻ ജോർജ്, ടി കെ ആനന്ദി, അനീഷ്യ ജയദേവ് എന്നിവരും പങ്കെടുത്തു.