കോഴിക്കോട്: എം.എസ്.എഫ് ഹരിത വിഷയത്തിൽ പെൺകുട്ടികളെ പിന്തുണച്ചുവെന്ന കാരണത്താൽ പുറത്താക്കപ്പെട്ട സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജലിനെ തിരിച്ചെടുക്കാൻ കോടതി ഉത്തരവ്. വയനാട്മുൻസിഫ് കോടതിയുടേതാണ് ഉത്തരവ്. ഇതോടെ ഇരകളെ സംരക്ഷിക്കുന്നതിന് പകരം അവർക്കെതിരെ നടപടിയെടുത്ത ലീഗിനേറ്റ വലിയ തിരിച്ചടിയായി കോടതി ഉത്തരവ്. എം.എസ്.എഫ് ഹരിതയിലെ പെൺകുട്ടികൾക്കെതിരേ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അടക്കമുള്ളവർ ലൈംഗീക അധിക്ഷേപം നടത്തിയെന്നതായിരുന്നു ആരോപണം. എന്നാൽ ഈ ആരോപണം പാർട്ടി അന്വേഷിക്കുകയും ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിന് പകരം ഹരിത പിരിച്ച് വിടുകയും കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട പി.പി ഷൈജൽ അടക്കമുള്ളവരെ പുറത്താക്കുകയുമായിരുന്നു. ഒരു വിശദീകരണവും നീതിപൂർവ്വം കേൾക്കാതെയായിരുന്നു തങ്ങളെ പുറത്താക്കിയതെന്നും ഇത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായിരുന്നുവെന്നും പി.പി ഷൈജൽ മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു. കോടതി ഉത്തരവ് വന്നതോടെ ഷൈജലിന് ഇനി പാർട്ടി വേദികളിലും പരിപാടികളിലും പങ്കെടുക്കാനാവും.
പെൺകുട്ടികൾക്ക് നീതി ലഭിക്കാൻ വേണ്ടി മാത്രമായിരുന്നു പാർട്ടിക്കുള്ളിൽ സംസാരിച്ചത്. ഇതിനാണ് ഞങ്ങളെ പുറത്താക്കിയത്. ഒരാൾക്കെതിരേ നടപടിയെടുക്കുന്നത് പകരം നീതിക്ക് വേണ്ടി ശബ്ദിച്ച മുപ്പത് പേരെ പുറത്താക്കുകയാണ് പാർട്ടി ചെയ്തതെന്നും ഷൈജൽ പറഞ്ഞു. ഞങ്ങളെടുത്ത നിലപാട് ഒരിക്കലും പാർട്ടി വിരുദ്ധമായിരുന്നില്ല. മുസ്ലീം വിദ്യാർഥികളുടെ പ്രത്യേകിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശത്തിനും വേണ്ടി പോരാടുന്ന പാർട്ടിയാണ് മുസ്ലീം ലീഗെന്നാണ് ഞങ്ങൾ പഠിച്ചത്. ആ ആശയത്തിൽ ഉറച്ച് നിന്ന് കൊണ്ടാണ് വിഷയത്തിൽ ഇടപെട്ടത്. അതൊരിക്കലും പാർട്ടി വിരുദ്ധമായിരുന്നില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും ഷൈജൽ ചൂണ്ടിക്കാട്ടി.
എം.എസ്.എഫിന് അകത്ത് കുറെ കാലമായി നടന്ന് കൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധ നിലപാടുകളാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഹരിത വിഷയത്തിൽ ഇരകളെ പിന്തുണച്ചവരെയെല്ലാം ചിലർ ലക്ഷ്യം വെക്കുകയായിരുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റിനെ പാർട്ടിയോട് ആലോചിക്കാതെ നിയമിച്ചവർ തന്നെയാണ് അയാളെ സംരക്ഷിച്ചത്. തീർച്ചയായും നീതി പുലർന്നിട്ടില്ല എന്ന് തോന്നിയത് കൊണ്ടാണ് കോടതിയെ സമീപിച്ചത്. ഞങ്ങളെ പോലെയുള്ള പ്രവർത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന വിധിയാണ് കോടതിയിൽ നിന്നുണ്ടായതെന്നും ഷൈജൽ ചൂണ്ടിക്കട്ടി.
വളരെ ജാഗ്രതയോടെ പാർട്ടി കൈകാര്യം ചെയ്യേണ്ട ഒരു വിഷയമായിരുന്നു ഇത്. മുസ്ലീം പെൺകുട്ടികൾ പഴയതിൽ നിന്നും വ്യത്യസ്ഥമായി വിദ്യാഭ്യാസപരമായും സാമൂഹികമായും മുൻപന്തിയിലേക്ക് വരുന്ന കാലമാണിത്. ഹരിതയിലെ പെൺകുട്ടികൾക്ക് നീതി ലഭിച്ചിരുന്നുവെങ്കിൽ അത് വരും തലമുറയ്ക്ക് പാർട്ടിയിലേക്ക് വരാനുള്ള ഒരു പാഠം കൂടിയാവുമായിരുന്നു. എന്നാൽ അതുണ്ടായില്ല എന്നതാണ് ഞങ്ങളെ പോലെയുള്ളവരെ ഏറെ വിഷമിപ്പച്ചതെന്നും ഷൈജൽ വ്യക്തമാക്കി.