സെക്ഷൻ 14 പ്രകാരം റിപ്പോര്‍ട്ട് നല്‍കാൻ ഇപ്പോഴും ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നും റിപ്പോര്‍ട്ട് പരിഗണിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി. അതേസമയം, മന്ത്രിസഭാ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാൻ ലോകായുക്തയ്ക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:
അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നല്‍കിയതു സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് ലോകായുക്തയുടെ പരാമര്‍ശം. നേതാക്കളുടെ കുടുംബത്തിനു നല്‍കിയ ധനസഹായം ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിച്ചതാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
മന്ത്രിസഭ സര്‍ക്കാര്‍ ജീവനക്കാരല്ലെന്നും അതുകൊണ്ട് മന്ത്രിസഭാ തീരുമാനങ്ങള്‍ പരിഗണിക്കാൻ ലോകായുക്തയ്ക്ക് കഴിയില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നത്. കൂടാതെ മന്ത്രിസഭ കൂട്ടായി സ്വീകരിക്കുന്ന തീരുമാനങ്ങള്‍ ചോദ്യം ചെയ്യാനും ലോകായുക്തയ്ക്ക് കഴിയില്ലെന്നായിരുന്നു സര്‍ക്കാരിൻ്റെ വാദം. എന്നാൽ ധനകാര്യവിഷയം മന്ത്രിസഭയിൽ വരുന്നതിനു ധനമന്ത്രിയുടെ അനുമതി വേണ്ടേയെന്നു ചോദിച്ച ലോകായുക്ത ദുരിതാശ്വാസ നിധി സംബന്ധിച്ച മൂന്ന് സംഭവങ്ങളിലും ധനമന്ത്രിയുടെ തീരുമാനം ഇല്ലല്ലോ എന്നും ചോദിച്ചു.
Also Read:
സംസ്ഥാനമന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം രണ്ടു പേര്‍ക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ഓര്‍ഡിൻസുമായി മുൻപോട്ടു പോകുന്നത് വിവാദമായിരുന്നു. യുഡിഎഫും ബിജെപിയും പ്രതിഷേധമുയര്‍ത്തുന്നതിനിടെ എൽഡിഎഫ് സഖ്യകക്ഷിയായ സിപിഐയും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഓര്‍ഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും കേരള ഗവര്‍ണറെ സമീപിച്ചിരുന്നു. എന്നാൽ യുഎസിൽ നിന്ന് ചികിത്സയ്ക്കു ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഗവര്‍ണറെ കണ്ടതിനു പിന്നാലെ അദ്ദേഹം ഓര്‍ഡിനൻസിൽ ഒപ്പു വെക്കുകയായിരുന്നു. ഇതിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് പ്രതിപക്ഷം.