കോഴിക്കോട്> വഖഫ് സ്വത്തുക്കള് സംരക്ഷിക്കാനുള്ള പ്രവര്ത്തനങ്ങളുടെ മുന്നിരയിലുണ്ടാകുമെന്ന് സമസ്ത പണ്ഡിതസഭാംഗം ഉമര് ഫൈസി മുക്കം. തിന്മയെ എതിര്ക്കുകയെന്ന വിശ്വാസിയുടെ കടമയാണ് താന് നിര്വഹിക്കുന്നത്- മുസ്ലിംലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വിമര്ശത്തിന് മറുപടിയായി സമസ്ത നേതാവ് വ്യക്തമാക്കി. വഖഫ് സംരക്ഷണസമിതിയില് പങ്കാളിയായതിന് ഉമര്ഫൈസിയെ കഴിഞ്ഞ ദിവസം സാദിഖലി വിമര്ശിച്ചിരുന്നു. എന്നാല് നിലപാടില് നിന്ന് പിറകോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഉമര്ഫൈസിയുടെ പ്രതികരണം. വഖഫ് ഭൂമി വ്യാപകമായി കൊള്ളയടിക്കപ്പെട്ടിട്ടുണ്ടെന്നത് യാഥാര്ഥ്യമാണ്. അന്യായം കണ്ടാല് ചോദ്യം ചെയ്യുക വിശ്വാസിയുടെ ബാധ്യതയാണ്. ഈ ബാധ്യത നിറവേറ്റുന്നവരെ പിന്തുണക്കുകയാണ് ലീഗ് ചെയ്യേണ്ടത്, അല്ലാതെ ആക്ഷേപിക്കുകയല്ല വേണ്ടതെന്നും ഉമര് ഫൈസി പറഞ്ഞു.
ലീഗ് രൂപീകരിച്ച മുസ്ലിം കോഓര്ഡിനേഷന് സമിതി സമസ്തകേരള ജംഇയ്യത്തുല് ഉലമ (ഇ കെ വിഭാഗം) വിട്ട് വഖഫ് സംരക്ഷണ സമിതിയില് ചേര്ന്നത് ലീഗിന് വലിയ ക്ഷീണമായിരുന്നു. പണ്ഡിതസഭാംഗം കൂടിയായ മുതിര്ന്ന നേതാവ് ഉമര്ഫൈസി വഖഫ് സംരക്ഷണസമിതി ഭാരവാഹിയായതിലും അമര്ഷമുണ്ട്. സമസ്ത തീരുമാനപ്രകാരമല്ല ഉമര്ഫൈസി സംരക്ഷണ സമിതിയില് ചേര്ന്നത് എന്ന് പറഞ്ഞ് സാദിഖലി, ഉമര്ഫൈസിയെ ഒറ്റപ്പെടുത്താന് രംഗത്തുവരികയുണ്ടായി. ഉമര് ഫൈസിയുടെ തീരുമാനം വ്യക്തിപരമാണെന്ന് പറഞ്ഞ് അസംതൃപ്തിയും പ്രകടമാക്കി. എന്നാല് ലീഗ് നേതാവിന്റെ പ്രതികരണം കാര്യമാക്കുന്നില്ലെന്നാണ് ഉമര്ഫൈസി മറുപടിയിലൂടെ സൂചിപ്പിക്കുന്നത്.
സമസ്തയുടെ പിന്മാറ്റത്തോടെ സര്ക്കാര് വിരുദ്ധ പ്രക്ഷോഭങ്ങള്ക്കായി ലീഗ് രൂപീകരിച്ച മുസ്ലിം കോഡിനേഷന് കമ്മിറ്റി അപ്രസക്തമായി. ആ ക്ഷീണംമാറും മുമ്പായിരുന്നു ഐ എന് എല് നേതാക്കളുടെയും പി ടി എ റഹീം എം എല് എയുടെയും നേതൃത്വത്തില് രൂപീകരിച്ച വഖഫ് ആക്ഷന് കൗണ്സില് വൈസ് പ്രസിഡന്റായി ഉമര് ഫൈസിയെ തെരഞ്ഞെടുത്തത്. വഖഫ് സ്വത്തുക്കള് തിരിച്ചുപിടിക്കാനുള്ള സര്ക്കാര് നീക്കങ്ങള്ക്ക് ശക്തി പകരുകയാണ് ആക്ഷന് കൗണ്സിലിന്റെ ലക്ഷ്യം. സമസ്തയിലെ പ്രമുഖ നേതാക്കളുടെയും യുവജന-വിദ്യാര്ഥി സംഘടനകളുടെയും പിന്തുണയിലാണ് ഉമര്ഫൈസി സംരക്ഷണസമിതി ഭാരവാഹിത്വമേറ്റെടുത്തതെന്നാണ് അറിയുന്നത്. അതിനാല് ഉമര്ഫൈസിയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന് സമസ്തയില് ചലനമുണ്ടാക്കാനാകില്ലെന്ന് സുന്നി പ്രവര്ത്തകരും വിലയിരുത്തുന്നുണ്ട്.