തിരുവനന്തപുരം:വിദ്യാകിരണം മിഷന്റെ ഭാഗമായി അടിസ്ഥാനസൗകര്യ-ഭൗതിക വികസനം പൂർത്തിയാക്കിയ 53 സ്കൂളുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇതിൽ കിഫ്ബി ധനസഹായത്തോടെ പൂർത്തിയായ പദ്ധതികൾക്ക് പുറമേ പ്ലാൻ ഫണ്ട്,എം.എൽ.എ ഫണ്ട്, നബാർഡ് എന്നിവ വഴി പൂർത്തിയാക്കിയവയും ഉൾപ്പെടുന്നു. കൈറ്റ്, വാപ്കോസ്,ഇൻകെൽ,കില എന്നിവയാണ് ഈ പദ്ധതികളുടെ നിർവഹണ ഏജൻസികൾ
തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലായി നാലു സ്കൂളുകളാണ് കിഫ്ബിയുടെ 5 കോടി പദ്ധതിയിൽ ഉൾപ്പെടുത്തി വികസനം പൂർത്തിയാക്കിയത്. കൈറ്റ് ആണ് ഈ പദ്ധതികളുടെ നിർവഹണ ഏജൻസി(എസ്പിവി).അരുവിക്കരം,പട്ടാമ്പി,ഷൊർണൂർ,കൊണ്ടോട്ടി എന്നീ നിയോജകമണ്ഡലങ്ങളിലാണ് ഈ സ്കൂളുകൾ. കിഫ്ബിയുടെ 3 കോടി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ 10 സ്കൂളുകളുടെ ഉദ്ഘാടനവും നടന്നു. ഇതിൽ തൃശൂർ,എറണാകുളം,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലെ സ്കൂളുകൾ ഉൾപ്പെടുന്നു. ചേലക്കര,കോതമംഗലം,മഞ്ചേരി,കൊണ്ടോട്ടി,കോഴിക്കോട് സൗത്ത്,നിലമ്പൂർ,വേങ്ങര,സുൽത്താൻ ബത്തേരി, കൽപ്പറ്റ എന്നീ നിയോജകമണ്ഡലങ്ങളിലായാണ് ഈ സ്കൂളുകൾ.
ഇതിനു പുറമേ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ 34 സ്കൂളുകളുടെയും എം.എൽ.എ, നബാർഡ് ഫണ്ടുകളിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ മൂന്നു സ്കൂളുകളുടെയും ഉദ്ഘാടനവും നടന്നു.