കോഴിക്കോട്: അന്തരിച്ചവ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീനോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കടകൾ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് കടകൾ അടച്ചിടുക.
കേരളത്തിലെ വ്യാപാരികളെ സംഘടിത ശക്തിയാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യാപാരിനേതാവും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റുമായ ടി. നസിറുദ്ദീൻ (78) വ്യാഴാഴ്ച രാത്രിയാണ് അന്തരിച്ചത്.
1991 മുതൽ ഏകോപനസമിതിയുടെ പ്രസിഡന്റാണ്. കേരളത്തിൽ വ്യാപാരികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഒട്ടേറെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വംനൽകി. ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ഡൽ സീനിയർ വൈസ് പ്രസിഡന്റ്, കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ, സംസ്ഥാനസർക്കാരിന്റെ ട്രേഡേഴ്സ് വെൽഫെയർ ബോർഡ് ചെയർമാൻ, സംസ്ഥാന വാറ്റ് ഇംപ്ലിമെന്റേഷൻ കമ്മിറ്റിയംഗം, ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ബോർഡ് അംഗം, വ്യവസായ ബന്ധസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഏകോപനസമിതിക്കുകീഴിൽ ഷെഡ്യൂൾഡ് ബാങ്ക് പദവിയുള്ള കേരള മർക്കന്റൈൽ സഹകരണബാങ്ക് സ്ഥാപിച്ചത് നസിറുദ്ദീനാണ്. ദീർഘകാലം അതിന്റെ ചെയർമാനുമായിരുന്നു.














