മലപ്പുറം: പി.വി. അൻവർ എംഎൽഎയുടെ അനധികൃത നിർമാണങ്ങൾ ഇന്ന് പൊളിച്ചു നീക്കും. അൻവറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണയും റോപ് വേയും ബോട്ട് ജെട്ടിയുമാണ് പൊളിച്ചുനീക്കുന്നത്. ഊർങ്ങാട്ടിരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടി. ഓംബുഡ്സ്മാന്റെ ഉത്തരവിനെ തുടർന്നാണ് അനധികൃത നിർമാണം പൊളിക്കുന്നത്.
റസ്റ്റോറന്റ് നിർമിക്കാനെന്ന് കാണിച്ചാണ് അൻവറിന്റെ ഭാര്യാപിതാവ് അബ്ദുൾ ലത്തീഫ് ഊർങ്ങാട്ടിരി പഞ്ചായത്തിൽനിന്ന് അനുമതി നേടിയത്. എന്നാൽ ഇത് പിന്നീട് കക്കാടംപൊയിലിലെ വിവാദമായ അമ്യൂൺമെന്റ് പാർക്കിന്റെ ഭാഗമാക്കുന്ന വിധത്തിലുള്ള നിർമാണമാകുകയായിരുന്നു. അനുമതിയുടെ മറവിൽ അനധികൃത നിർമാണങ്ങൾ നടത്തിയെന്നായിരുന്നു ഓംബുഡ്സ്മാന് മുൻപിലെ പരാതി. നിലമ്പൂരിലെ എം.പി. വിനോദാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്.
പരാതിയിൽ കഴമ്പുണ്ടെന്നുകണ്ട് നിർമാണങ്ങൾ പൊളിച്ചുനീക്കാൻ രണ്ടുതവണ ഓംബുഡ്സ്മാൻ ഉത്തരവിട്ടിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു. തുടർന്ന് നിർമാണങ്ങൾ പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ വീണ്ടും ഉത്തരവിട്ടു. നിർമാണങ്ങൾ പൊളിച്ചുനീക്കാൻ രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് അബ്ദുൾ ലത്തീഫ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഓംബുഡ്സ്മാൻ സമയം അനുവദിച്ച് നൽകിയിരുന്നില്ല.
Content Highlights:Check dam owned by pv anvar mlas father in law will be demolish