കൊച്ചി
നഗരത്തിന്റെ ഏഴ് കേന്ദ്രങ്ങളിൽനിന്ന് പതിനായിരങ്ങൾ അണിനിരന്ന് ബഹുജനറാലി, ചുവപ്പുസേനാ മാർച്ച്, ഉത്സവച്ഛായ പകർന്ന് നാടൻകലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ, ബാൻഡ് മേളം, ഗായകസംഘം… സിപിഐ എം പന്ത്രണ്ടാം പാർടി കോൺഗ്രസിനുമുന്നോടിയായി 1985ൽ കൊച്ചിയിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിന്റെ സമാപനറാലി നഗരത്തിന് പുതിയ അനുഭവമായിരുന്നു. 37 വർഷത്തിനുശേഷം കൊച്ചി വീണ്ടും സംസ്ഥാന സമ്മേളനത്തിന് വേദിയാകുമ്പോൾ, കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളിലാണ് നാട്. നഗരപാതകളിൽ ചെങ്കടലിരമ്പിയതിന്റെ ഓർമകളിലാകും ഇക്കുറി സമ്മേളനം. സമാപനത്തിന് മറൈൻഡ്രൈവിലെ മഹാസമ്മേളനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
മാർച്ച് ഒന്നുമുതൽ നാലുവരെ ചേരുന്ന സമ്മേളനത്തിൽ ബഹുജനറാലി ഉണ്ടാകില്ലെങ്കിലും സമ്മേളനപതാക ഉയരുമ്പോൾ അഭിവാദ്യം ചെയ്യാൻ 200 ചുവപ്പുവളന്റിയർമാരുണ്ടാകും. ഇവരുടെ പരിശീലനം കലൂരിൽ നടന്നുവരുന്നു. ഷിപ്യാർഡ്, കലൂർ, രവിപുരം, കടവന്ത്ര, എളംകുളം, വൈറ്റില, പാലാരിവട്ടം പൂളുകളിലെ ചുമട്ടുതൊഴിലാളികളാണ് പരിശീലനം നേടുന്നത്. 50 വളന്റിയർമാരുടെ ബാൻഡ് സെറ്റും ഒരുങ്ങുന്നുണ്ട്. മഹാരാജാസ് കോളേജ് വിദ്യാർഥിനികളുടെ വളന്റിയർസേനയും പരിശീലനം നേടുന്നു.
കെ എ സക്കീർ, എൻ ആർ സതീഷ്കുമാർ, കെ എ നജീബ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.
സമ്മേളനദിനങ്ങളിൽ ആവശ്യമായ സഹായങ്ങൾക്കും സേവനത്തിനും ഈ വളന്റിയർമാരുണ്ടാകുമെന്ന് വളന്റിയർ സബ് കമ്മിറ്റി കൺവീനർ കെ വി മനോജ് പറഞ്ഞു.















