കൽപ്പറ്റ
വീട്ടിന് മാത്രമല്ല, നാടിന് കാവലാളാകാനും ഈ ദമ്പതിമാർ ഒരുമിച്ചാണ്. മുള്ളൻകൊല്ലി കാപ്പിപ്പാടി കോളനിയിലെ ദുരിത ജീവിതത്തിൽനിന്ന് പൊലീസ് സേനയിലേക്കുള്ള സുധ വിശ്വനാഥന്റെയും ഭർത്താവ് കെ ബി ഷിജുവിന്റെയും ചുവടുവെപ്പ് നാടിനാകെ അഭിമാനമാണ്. തൃശൂർ പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ ഇരുവരും ഉടൻ സേനയുടെ ഭാഗമാകും. സുധ വിശ്വനാഥൻ കലിക്കറ്റ് സർവകലാശാലയിൽനിന്ന് എം എ രണ്ടാം റാങ്കോടെ വിജയിച്ചിരുന്നു.
പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽനിന്ന് ബിരുദവും സി കെ രാഘവൻ മെമ്മോറിയൽ ബിഎഡ് കോളേജിൽനിന്ന് ബിഎഡും ഫസ്റ്റ് ക്ലാസോടെ വിജയിച്ചു. നാല് വർഷം മുമ്പ് അവസാന വർഷ ബിരുദ വിദ്യാർഥിയായിരിക്കെയാണ് വിവാഹം. പട്ടികവർഗ വകുപ്പിന്റെ സാമൂഹ്യപഠന മുറിയിൽ ഇൻസ്ട്രക്ടറായിരുന്നു. പ്ലസ്ടു വിജയിച്ച ഷിജു കൂലിപ്പണിക്ക് പോകുകയായിരുന്നു. ഇരുവരും പ്രാക്തന ഗോത്രവർഗത്തിൽപ്പെട്ട കാട്ട്നായ്ക്ക വിഭാഗക്കാരാണ്.















