തിരുവനന്തപുരം: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയ്ക്കു മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രിയപ്പെട്ട യുപി, കേരളത്തെ പോലെയാകാൻ വോട്ടു ചെയ്യൂ. മധ്യകാല മതഭ്രാന്ത് വിട്ട് ബഹുസ്വരത, ഐക്യം, സമത്വവികസനം എന്നിവ തിരഞ്ഞെടുക്കൂ. കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനമുള്ള ഇന്ത്യക്കാരാണ്. വിഡി സതീശൻ ട്വീറ്റിൽ പറയുന്നു. ഉത്തർ പ്രദേശ് കശ്മീരോ ബംഗാളോ കേരളമോ ആകാതിരിക്കാൻ ബിജെപിക്കു വോട്ടു ചെയ്യണം എന്നായിരുന്നു യോഗി ആദിത്യനാഥിന്റെപ്രസ്താവന.
നേരത്തെ യോഗി ആദിത്യനാഥിന്റെ പരാമർശത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് എംപി ശശി തരൂർ എന്നിവരും രംഗത്തെത്തിയിരുന്നു. യുപി കേരളമായി മാറിയാൽ മതത്തിന്റേയും ജാതിയുടേയും പേരിലുള്ള കൊലപാതകങ്ങൾ ഉണ്ടാകില്ലെന്നും അവിടെ മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാവും കൈവരുമെന്നും പിണറായി വിജയൻ ട്വീറ്റ് ചെയ്തു. കേരളവും ബംഗാളും കശ്മീരുമാകാൻ യുപിക്ക് ഭാഗ്യം ലഭിക്കട്ടെ എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
ഉത്തർപ്രദേശിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിനത്തിലാണ് കേരളത്തിന്റെ പേര് പരാമർശിച്ച് വോട്ടർമാർക്ക് മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ് എത്തിയത്. ഈ അഞ്ച് വർഷത്തിനുള്ളിൽ ഒരുപാട് അത്ഭുതകരമായ കാര്യങ്ങൾ സംഭവിച്ചു, സൂക്ഷിക്കുക, നിങ്ങൾക്ക് തെറ്റിയാൽ, ഈ അഞ്ച് വർഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തർ പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാൻ അധിക സമയം എടുക്കില്ല – യോഗി വോട്ടർമാരോടായി പറഞ്ഞു.
Dear #UP, vote to be like Kerala. Choose plurality, harmony, inclusive development to medieval bigotry. Keralites, Bengalis and Kashmiris are also proud Indians. #kerala #democracy #religiousharmony #UPElections2022
— V D Satheesan (@vdsatheesan) February 10, 2022
Content Highlights: VDSatheesan reply on Yogi Adityanath Statement