പാലക്കാട്: ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെതിരേ വനംവകുപ്പ് കേസെടുത്തേക്കും. സംരക്ഷിത വനംമേഖലയിൽ അതിക്രമിച്ച് കയറിയതിനാണ്കേസ്. കേരളാ ഫോറസ്റ്റ് ആക്റ്റ് പ്രകാരമാണ് കേസെടുക്കുക. കേസ് എടുക്കുന്നതിന് മുന്നോടിയായി വാളയാർ സെക്ഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കും.
ബാബു കയറിയ കൂർമ്പാച്ചിമല സംരക്ഷിത വനമേഖലയുടെ ഭാഗമാണ്. ഈ പ്രദേശത്ത് ആളുകൾക്ക് വനംവകുപ്പിന്റെ അനുമതിയില്ലാതെ പ്രവേശിക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ബബുവിനെതിരേ കേസെടുക്കാൻ തീരുമാനമായത്. ബാബുവിന്റെ മൊഴി വാളയാർ സെക്ഷൻ ഓഫീസർ എടുക്കും. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ ഉണ്ടാകുക.
കേരള ഫോറസ്റ്റ് ആക്റ്റ് സെക്ഷൻ 27 പ്രകാരമാണ് വനംവകുപ്പ് ബാബുവിനെതിരേ കേസ് എടുക്കുക. ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.ബാബുവിന് ഒപ്പമുണ്ടായിരുന്ന ആളുകൾക്കായും അന്വേഷണം നടക്കുന്നുണ്ട്. അവരുടെ മൊഴിയും എടുക്കും. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കെതിരേ കേസെടുക്കുന്നതിൽ മൊഴിയെടുത്ത ശേഷം തീരുമാനിക്കും.
രണ്ടു രാത്രിയും ഒരു പകലും ചെങ്കുത്തായ പാറക്കെട്ടിലെ ഇടുക്കിൽ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആർ. ബാബുവിനെ മലമുകളിൽനിന്ന് 400 മീറ്ററിലേറെ താഴ്ചയിൽനിന്നാണ് സൈന്യം രക്ഷിച്ചത്. തുടർന്ന് ഹെലികോപ്റ്ററിലും പിന്നീട് ആംബുലൻസിലുമായി ജില്ലാ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു.
Content Highlights:Forest department may take case against trekker Babu