പാലക്കാട്: രണ്ടുദിവസത്തിലേറെ വെള്ളമോ ആഹാരമോ ഇല്ലാതെ കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു ഏറെ തളർന്നിരുന്നു. ബാബുവിന്റെ ആരോഗ്യം ഉറപ്പാക്കുന്നതോടൊപ്പം ആത്മധൈര്യവും പകർന്നാണ് സൈനികർ രക്ഷാപ്രവർത്തനം നടത്തിയത്.
ചൊവ്വാഴ്ച കോസ്റ്റൽ ഗാർഡിന്റെ ഹെലികോപ്ടർ മലമുകളിലെത്തിയെങ്കിലും ബാബുവിനെ രക്ഷിക്കാനാവാതെ തിരിച്ചുപോയിരുന്നു. ആ സംഭവം ബാബുവിനെ തളർത്തിയിട്ടുണ്ടാകുമെന്ന് ദൗത്യസംഘം ചിന്തിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സന്നദ്ധപ്രവർത്തകർ മലമുകളിലെത്തിയിട്ടും ബാബുവിനെ നേരിൽ കാണാൻ കഴിയുമായിരുന്നില്ല. വളവുള്ള പാറക്കെട്ടുകളാണ് കാരണം. എന്നാൽ, ബാബുവിന് മറ്റൊരുഭാഗത്ത് രക്ഷാപ്രവർത്തർ നിൽക്കുന്നത് കാണാമായിരുന്നുവെന്ന് പറയുന്നു. താഴെ നിൽക്കുന്ന വാഹനങ്ങളെയും കാണാം. തന്നെ ആർക്കും കണ്ടെത്താനാവാത്ത സാഹചര്യമാണെന്ന് ബാബു ചിന്തിച്ചുകാണുമെന്നും ഉദ്യോഗസ്ഥർ ചർച്ചചെയ്തിരുന്നു. അതിനാൽ ബാബുവിന് ആത്മവിശ്വാസം നൽകുകയായിരുന്നു സൈന്യം ആദ്യം ചെയ്തത്.
ഡ്രോണുകൾ പറത്തി ബാബു ഇരിക്കുന്ന സ്ഥലം കണ്ടെത്തുന്നതോടൊപ്പം ബാബുവിനെ തിരയുന്ന വിവരം അറിയിക്കാനുമായിരുന്നു ശ്രമം. രാത്രി ടോർച്ചുകൾ അടിച്ച് തൊട്ടടുത്തുതന്നെ രക്ഷാസംഘം ഉണ്ടെന്ന് ബാബുവിനെ അറിയിക്കാനും ശ്രമിച്ചു.
ബുധനാഴ്ച രാവിലെ ബാലകൃഷ്ണൻ എന്ന സൈനികൻ ആദ്യം റോപ്പുവഴി ബാബുവിനരികിലെത്തി വെള്ളം നൽകി. പേടിക്കേണ്ടതില്ലെന്നും സൈന്യം എത്തിയിട്ടുണ്ടെന്നും അറിയിച്ചു. സൗമ്യത്തോടെയും ചിരിച്ചുകൊണ്ടുമുള്ള സൈനികരുടെ പെരുമാറ്റം ബാബുവിന് സന്തോഷം നൽകി. ബാബുവിനെ താങ്ങിപ്പിടിച്ചാണ് സൈനികർ മുകളിലെത്തിച്ചത്. ബാബുവിനെ താലോലിക്കുന്നതുപോലെയായിരുന്നു സൈനികരുടെ ഇടപഴകൽ. ഇവിടെനിന്ന് താഴെയിറങ്ങാൻ പേടിവേണ്ടെന്നും ഹെലികോപ്ടർ എത്തുമെന്നും അറിയിച്ചു. അല്പനേരം കൊണ്ടുതന്നെ ബാബു അവരോട് ഏറെ അടുത്തിരുന്നു. ആശുപത്രിയിലെത്തുംവരെ രക്ഷാസംഘം നൽകിയ ആത്മവിശ്വാസമാണ് ബാബുവിന് ഏറ്റവും വലിയ മരുന്നായത്.