സർവീസിൽ ഇരിക്കുമ്പോൾ പുസ്തകം എഴുതിയ ചിലർക്കെതിരെ നടപടി സ്വീകരിച്ചത് ചൂണ്ടിക്കാട്ടിയപ്പോൾ മാധ്യമങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് മനസിലാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുസ്തകവുമായി ബന്ധപ്പെട്ട് മുതിർന്ന മാധ്യമ പ്രവർത്തകൻ ശശി കുമാർ നടത്തിയ അഭിപ്രായം ശരിയാണെന്നാണ് എന്റെ അഭിപ്രായം.
ചില കാര്യങ്ങളെക്കുറിച്ച് ശിവശങ്കർ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് മാധ്യമങ്ങളെക്കുറിച്ചും മറ്റൊന്ന് അന്വേഷണ ഏജൻസികളെക്കുറിച്ചുമാണ്. വിമർശനത്തിന് ഇരയാകുന്നവർക്ക് സ്വാഭാവികമായും പക ഉണ്ടാകുമെന്ന് നാം കാണണം. അന്വേഷണ ഏജൻസികളും മാധ്യമങ്ങളും തമ്മിൽ കൂടിയാലോചന ഉണ്ടോയെന്ന് ഭാവിയിൽ മാത്രമേ പറയാൻ സാധിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
മാധ്യമങ്ങളിൽ നിന്നുണ്ടായ അനുഭവമാണ് ശിവശങ്കർ തുറന്നു പറഞ്ഞിരിക്കുന്നത്. മാധ്യമങ്ങളിൽ നിന്നു നേരിടേണ്ടി വന്നതിനെക്കുറിച്ചാണ് ശിവശങ്കർ പറഞ്ഞിരിക്കുന്നത്. അത് പറഞ്ഞുകൊള്ളട്ടേയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്വപ്നയുടെ ബിരുദം വ്യാജമാണെന്ന് അറിഞ്ഞുകൊണ്ടാണ് നിയമനം നടത്തിയതെന്നുള്ള സ്വപ്നയുടെ വെളിപ്പെടുത്തൽ അവർ തമ്മിലുള്ള വിഷയമാണ്. അക്കാര്യത്തിൽ സർക്കാർ സ്വീകരിക്കേണ്ട നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതിൽ വീഴ്ച ഉണ്ടാകില്ലെന്ന് പിണറായി വ്യക്തമാക്കി.