ന്യൂഡൽഹി > മീഡിയാവൺ ചാനൽ വിലക്കിയ നടപടിയിൽ ഐടി,വാർത്താവിതരണപ്രക്ഷേപണ വകുപ്പ് പാർലമെന്ററി സ്റ്റാൻഡിങ്ങ് കമ്മിറ്റി കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി. ചാനലിന്റെ സംപ്രേക്ഷണം വിലക്കിയ നടപടി ഉത്കണ്ഠ ജനിപ്പിക്കുന്നു. വിലക്കിലേക്ക് നയിച്ച കാരണങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്ന നിലപാട് ന്യായീകരിക്കാൻ കഴിയില്ല.
ഇത്തരം വിഷയങ്ങളിൽ സുതാര്യമായ നടപടിക്രമങ്ങൾ സ്വീകരിക്കണമെന്ന് സ്റ്റാൻഡിങ്ങ് കമ്മിറ്റി മുമ്പും നിർദേശം നൽകിയിട്ടുള്ളതാണ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട മേഖലകളിൽ നടപടികൾ സ്വീകരിക്കുമ്പോൾ അതിൽ ദുരൂഹതയോ രഹസ്യാത്മകതയോ ഉണ്ടാകുന്നത ആശ്വാസ്യമല്ലെന്നും കമ്മിറ്റി ചൂണ്ടിക്കാണിച്ചു. വാർത്താപ്രക്ഷേപണ വകുപ്പിന് ഈ വിഷയത്തിൽ ഒന്നും ചെയ്യാനില്ലെന്ന നിലപാടാണ് വാർത്താപ്രക്ഷേപണ വകുപ്പ് സെക്രട്ടറി അപൂർവ്വചന്ദ്ര സ്വീകരിച്ചത്. വിലക്കിന് പിന്നിൽ തക്കതായ കാരണങ്ങൾ ഉണ്ടെന്നും വിഷയം ബന്ധപ്പെട്ട സമിതി പരിശോധിച്ചതാണെന്നും ആഭ്യന്തരവകുപ്പ് സ്പെഷ്യൽ സെക്രട്ടറി വിഎസ്കെ കൗമുദി അറിയിച്ചു.
കോടതിയുടെ പരിഗണനയിലുള്ള വിഷയമാതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വിവരങ്ങൾ എഴുതി നൽകണമെന്ന് കമ്മിറ്റി നിർദേശിച്ചു. ശശിതരൂർ എംപി അദ്ധ്യനായ സമിതിയിൽ കേരളത്തിൽ നിന്നും എംപിമാരായ ജോൺബ്രിട്ടാസ്, സുരേഷ്ഗോപി എന്നിവർ അംഗങ്ങളാണ്.