പാലക്കാട്: മലയിടുക്കിൽ അകപ്പെട്ട ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്തിയസൈന്യത്തിന് നന്ദി പറഞ്ഞ് മേജർ രവി.സംസ്ഥാന സർക്കാരിനും ദുരന്തനിവാരണ വിഭാഗത്തിനും എതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. പിണറായി സർക്കാർ വിവിധ മേഖലകളിൽ പാർട്ടി അനുഭാവികളെന്ന പേരിൽ യോഗ്യതയില്ലാത്തവരെ നിയമിക്കുന്നത് കണ്ടിട്ടുണ്ടെന്നും എന്നാൽ ദുരന്തനിവാരണ മേഖലയിൽ അത് ചെയ്യരുതെന്നും മേജർ രവി ആവശ്യപ്പെട്ടു.
ദുരന്തനിവാരണ വിഭാഗത്തിൽ തലയ്ക്കകത്ത് ആൾ താമസമുള്ളവരെ വിടാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചെങ്കുത്തായ മലയിടുക്കിൽ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം നടക്കില്ലെന്ന് മനസിലാക്കാൻ കഴിയാത്തത് വലിയ വീഴ്ചയാണെന്നും കോസ്റ്റ് ഗാർഡിനെ വിളിച്ച സമയത്ത് സൈന്യത്തെ വിളിച്ചിരുന്നുവെങ്കിൽ രക്ഷാ പ്രവർത്തനം ഇത്രയും വൈകില്ലായിരുന്നുവെന്നും മേജർ രവി കുറ്റപ്പെടുത്തി.
സൈന്യത്തിന് രാത്രി രക്ഷാപ്രവർത്തനം നടത്താൻ കഴിയാത്ത സ്ഥലത്താണ് ബാബു അകപ്പെട്ടത്. വൈകിയാണ് സൈന്യത്തെ വിളിച്ചത്. അവർ നേരത്തെ എത്തിയിരുന്നെങ്കിൽ ഇന്നലെ തന്നെ രക്ഷാപ്രവർത്തനം പൂർത്തിയാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു മേജർ രവിയുടെ വിമർശനം.
മേജർ രവി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ
Content Highlights: major ravi against disaster management system in kerala















