കൊളത്തൂർ > വെങ്ങാട് മൂതിക്കയം റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് 5 ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരുക്ക്. കുന്തിപ്പുഴക്ക് കുറുകെ നിർമിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണ സ്ഥലത്താണ് അപകടമുണ്ടായത്. രാവിലെ 10.45 ഓടെയാണ് സംഭവം. പുഴയോരത്ത് ഭിത്തി നിർമിക്കുന്നതിനായി കോൺക്രീറ്റ് ചെയ്യാനുള്ള കമ്പികൾ കെട്ടുന്നതിനിടെയാണ് അപകടം.
തൊഴിലാളികളായ കാർത്തിക്, ഇന്ദ്രജിത്ത്, സരോജ്, ഉമേഷ്, ഉപേന്ദർ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് മാസങ്ങളായി നിര്‍മാണ ജോലികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് അപകടമുണ്ടായത്.നാട്ടുകാരും തൊഴിലാളികളും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. അഗ്നി രക്ഷാ സേനയും പൊലീസും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു.