43 മണിക്കൂറിലേറെ മലമ്പുഴയിലെ പാറ ഇടുക്കിൽ കുടുങ്ങിയ ബാബുവിനെ തിരികെ കൊണ്ടുവരാനുള്ള രക്ഷാദൗത്യം ശ്വാസം അടക്കിപിടിച്ചാണ് കേരളം കണ്ടു നിന്നത്. ചുട്ടുപൊള്ളുന്ന വെയിലും രാത്രിയിലെ തണുപ്പിനെയും അതിജീവിച്ചാണ് ബാബു ജീവിതത്തിലേക്ക് തിരിച്ച് കയറിയത്. ബാബുവിന്റെ അതിജീവനത്തിന് സമാനമാണ് പർവതാരോഹകനായ ആരോൺ റാൾസ്റ്റൻ നടത്തിയ മടങ്ങി വരവ്. 2003ൽ ട്രക്കിങിനിടെ സംഭവിച്ച അപകടത്തെ അതിജീവിച്ചത് അഞ്ച് ദിവസത്തിനപ്പുറം സ്വന്തം കൈ സ്വയം മുറിച്ച് മാറ്റിയാണ്.
ആരോൺ റാൾസ്റ്റൻ…..wikimedia commons
ആരോടും പറയാതെ യൂട്ടായിലെ കാന്യോൺലാൻഡ്സ് നാഷണൽ പാർക്കിൽ ട്രെക്കിങ് നടത്തുന്നതിനിടെയാണ് റാൾസ്റ്റന് അപകടം സംഭവിക്കുന്നത്. റാൾസ്റ്റന്റെ വലതു കൈ പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു. 127 മണിക്കൂറുകൾക്കൊടുവിൽ കൈ മുറിച്ചുകളഞ്ഞാണ് റാൾസ്റ്റൻ ജീവിതത്തിലേക്ക് പൊരുതി കയറിയത്. കുടിക്കാൻ ഒരിറ്റ് വെള്ളമില്ലാതെയും തന്റെ നിലവിളി കേൾക്കാൻ ആരുമില്ലാതെയിരുന്ന അപകട നിമിഷങ്ങളിലെ ജീവിതാനുഭവത്തെക്കുറിച്ച് ആരോൺ റാൾസ്റ്റൻ എഴുതിയ ‘ബിറ്റ്വീൻ എ റോക്ക് ആൻഡ് എ ഹാർഡ് പ്ലേസ്’ എന്ന പുസ്തകം പിന്നീട് സിനിമയായി.
സ്ലംഗോഡ് മില്ല്യണയര് ഒരുക്കിയ ഡാനി ബോയ്ലാണ് 2010ൽ ‘127 അവേഴ്സ്’ സംവിധാനം ചെയ്തത്. ആ സിനിമയിലെ രംഗങ്ങൾ വീണ്ടും ഓർമകളിലേക്ക് എത്തിക്കുന്നതാണ് ബാബുവിന്റെ സംഭവം. ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രചോദനം നൽകുന്ന തരത്തിലാണ് സര്വൈവല് ത്രില്ലറായ സിനിമ ഒരുക്കിയത്. ജെയിംസ് ഫ്രാങ്കോയാണ് ചിത്രത്തില് ആരോണിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിൽ അതിഥി താരമായി ആരോണ് എത്തുകയും ചെയ്തിരുന്നു. എ ആര് റഹ്മാനാണ് സംഗീതം ഒരുക്കിയത്. കേറ്റ് മരാ, ആമ്പര് ടിബ്ലിന്, ലിസി കാപ്ലന്, കേറ്റ് ബര്ട്ടന്, ട്രീറ്റ് വില്ല്യംസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച ചിത്രം, മികച്ച നടന് എന്നിവയടക്കം ആറ് ഓസ്കാർ നാമനിർദേശങ്ങളും 127 അവേഴ്സിന് ലഭിച്ചിരുന്നു.