സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെ മീഡിയ വണ്ണിനായി ഹാജരാകുമെന്ന് സഹോദരസ്ഥാപനമായ മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ എസ് ശ്രീകുമാര്‍, ജെയ്ജു ബാബു എന്നിവരും ചാനലിൻ്റെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിനു വേണ്ടി ഹാജരാകും. മീഡിയ വൺ മാനേജ്മെന്‍റിനു പുറമെ ജീവനക്കാരും കേരള പത്രപ്രവര്‍ത്തക യൂണിയനും കേസിൽ ഹര്‍ജിക്കാരാണ്.
Also Read:
ജനുവരി മാസം അവസാനത്തോടെയാണ് വാര്‍ത്താ ചാനലിന്‍റെ സംപ്രേഷണ അനുമതി റദ്ദായത്. എന്നാൽ അന്നു തന്നെ ചാനൽ മാനേജ്മെന്‍റ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയതോടെ സംപ്രഷണം തുടരാൻ താത്കാലിക അനുമതി ലഭിക്കുകയായിരുന്നു. എന്നാൽ ഇന്നലെ കേസ് വീണ്ടും പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിച്ചു. ചാനലിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഫയലുകളിലുള്ളതെന്നും ഈ സാഹചര്യത്തിൽ വിലക്ക് നീക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനിരിക്കുന്ന സാഹചര്യത്തിൽ സ്റ്റേയുടെ കാലാവധി നീട്ടണമെന്നും സംപ്രേഷണം തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല.
Also Read:
സംപ്രേഷണം പുനരാരംഭിക്കാനായി നിയമപോരാട്ടം തുടരുമെന്നാണ് മീഡിയ വൺ വ്യക്തമാക്കിയിട്ടുള്ളത്. ഭരണകൂടത്തെ പ്രീതിപ്പെടുത്തുന്ന വാര്‍ത്തകള്‍ മാത്രം ഒരു ന്യൂസ് ചാനലിനും എപ്പോഴും നൽകാൻ കഴിയില്ലെന്നും വസ്തുതാപരവും സത്യസന്ധപരവുമായ വാര്‍ത്തകളുടെ പേരിൽ ചാനൽ ഇരയാക്കപ്പെടുകയാണെന്നുമാണ് അപ്പീലിൽ പറയുന്നത്.
രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നും ഈ ഗുരുതരമായ വിവരങ്ങള്‍ കോടതി നിരീക്ഷിച്ചിട്ടുണ്ടന്നുമായിരുന്നു ഇന്നലെ കേസ് പരിഗണിച്ച ജസ്റ്റിസ് എൻ നാഗരേഷ് വിധി പറഞ്ഞത്. അതേസമയം, അനുമതി നിഷേധിച്ചതിൻ്റെ കൂടുതൽ വിവരങ്ങള്‍ പരസ്യപ്പെടുത്താൻ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.