മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ ആശങ്കകള്‍ക്ക് വിരാമമിട്ട് സുരക്ഷിത സ്ഥാനത്തെത്തിക്കാൻ സാധിച്ചെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകിയ മദ്രാസ് റെജിമെൻ്റിലെ സൈനികര്‍, പാരാറെജിമെൻ്റിലെ സൈനികര്‍, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഓ സി ലഫ്റ്റനൻ്റ് ജനറൽ അരുൺ തുടങ്ങിയവര്‍ അവസരോചിതമായ ഇടപെടലാണ് നടത്തിയതെന്നും ഇവര്‍ക്ക് നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു. കൂടാതെ രക്ഷാപ്രവര്‍ത്തനത്തിൽ സഹകരിച്ച വ്യോമസേന, കോസ്റ്റ് ഗാര്‍ഡ്, കേരള പോലീസ്, ഫയര്‍ ഫോഴ്സ്, എൻ ഡി ആര്‍ എഫ്, വനം വകുപ്പ്, ജില്ലാ ഭരണകൂടം, മെഡിക്കൽ സംഘം, ജനപ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ക്കും നന്ദി പറയുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Also Read:
ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറിനു ശേഷമാണ് ഇന്ത്യൻ കരസേനയും എൻഡിആര്‍എഫും ചേര്‍ന്ന സംഘം രക്ഷിച്ചത്. മല മുകളിൽ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം കഞ്ചിക്കോട്ടെ ഹെലിപാഡിലെത്തിക്കാനും തുടര്‍ന്ന് ഇവിടെ നിന്ന് ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിക്കാനുമാണ് പദ്ധതി.
Also Read:
രക്ഷാപ്രവര്‍ത്തനം വിജയമാണെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ബാബുവിൻ്റെ കുടുംബം രാജ്യത്തിനും സൈന്യത്തിനും നന്ദി പറഞ്ഞു. വാര്‍ത്ത അറിഞ്ഞതിനു പിന്നാലെ ബാബുവിൻ്റെ മാതാവ് ബോധരഹിതയായി നിലത്തു വീണു. ഇവര്‍ക്ക് ഉടൻ ഡോക്ടറുടെ സഹായം ലഭ്യമാക്കി.
മുഖ്യമന്ത്രിയുടെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് രക്ഷാപ്രവർത്തനത്തിനായി സൈന്യം ഇടപെട്ടതെന്ന് ലഫ്റ്റനൻ്റ് ജനറൽ അരുൺ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. മദ്രാസ് റെജിമെൻ്റിലെ സൈനികരും പാരാ റെജിമൻ്റ് സംഘാംഗങ്ങളുമാണ് രക്ഷാപ്രവർത്തനം നടത്തിയതെന്നും അതീവ ദുഷ്കരമായ ദൌത്യമായിരുന്നു പൂർത്തിയാക്കിയതെന്നും അദ്ദഹം പറഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും വിദഗ്ധരായ പർവതാരോഹകരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രി മുതൽ ഇന്ത്യൻ കരസേന നടത്തിയ ശ്രമമാണ് രാവിലെയോടെ ഫലം കണ്ടത്. ഇന്നലെ രാത്രി രണ്ട് സംഘങ്ങളായി മല കയറിയ സംഘാംഗങ്ങൾ മലമുകളിൽ നിന്ന് കയർ വഴി ബാബു കുടുങ്ങിയ വിടവിലേയ്ക്ക് എത്തുകയായിരുന്നു. തുടർന്ന് ഭക്ഷണക്കിറ്റ് കൈമാറി. ഇതിനു ശേഷമാണ് സുരക്ഷാബെൽറ്റും ഹെൽമെറ്റും നൽകി മുകളിലേയ്ക്ക് വലിച്ചുയർത്തിയത്. ഏകദേശം 40 മിനിട്ടോളമെടുത്താണ് ബാബു രണ്ട് സൈനികരുടെ സഹായത്തോടെ മലമുകളിലെത്തിയത്. രക്ഷാപ്രവർത്തനത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും റവന്യൂ മന്ത്രി കെ രാജൻ നന്ദി പറഞ്ഞു.