പാലക്കാട്: കടുത്ത ചൂടും രാത്രിയിലെ തണുപ്പും അതിജീവിച്ച് 24 മണിക്കൂർ. ഒടുവിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്റർ കണ്ടപ്പോൾ മലയിടുക്കിലിരുന്ന ബാബുവിന് ആശ്വാസം തോന്നിക്കാണും. രക്ഷാപ്രവർത്തകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഷർട്ട് ഊരി വീശിക്കാണിച്ചപ്പോൾ അല്പമെങ്കിലും ബാക്കിയുണ്ടായിരുന്ന ഊർജം മുഴുവൻ ഉപയോഗിച്ചിരിക്കാം. എന്നാൽ, ഒരിറ്റുവെള്ളമോ ഭക്ഷണമോ മരുന്നോ രാത്രി തണുപ്പകറ്റാൻ പുതപ്പോ എത്തിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലായിരുന്നു രക്ഷാപ്രവർത്തകരും.
ബാബു ഇരിക്കുന്ന സ്ഥലം മനസ്സിലാക്കാൻ ഡ്രോൺ പറത്തിയപ്പോഴാണ് ഡ്രോണിലേക്ക് നോക്കി കുടിവെള്ളത്തിനായി ആംഗ്യം കാണിച്ചത്. ചെങ്കുത്തായ സ്ഥലത്തായതിനാൽ ഭക്ഷണം എറിഞ്ഞുകൊടുക്കാനോ ബാബുവിനെ കൃത്യമായി കാണാനോ ആകാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ശക്തമായ കാറ്റും ഹെലികോപ്റ്ററിന്റെ ഫാൻ പാറയിൽ തട്ടി അപകടമുണ്ടായേക്കുമെന്നതും ആശങ്ക ഇരട്ടിപ്പിച്ചു. മലയിൽനിന്ന് 500 മീറ്ററെങ്കിലും താഴെയായാണ് ബാബു ഉള്ളതെന്നാണ് ഡ്രോൺ ദൃശ്യങ്ങൾ വിശകലനംചെയ്ത് കണ്ടെത്തിയതെന്ന് അഗ്നിരക്ഷാസേനാ അധികൃതർ പറഞ്ഞു. ഇവിടെനിന്ന് താഴേക്ക് 700 മീറ്റർ വരെ താഴ്ചയുണ്ട്. വശങ്ങളിലേക്കും 300 മീറ്റർ അകലമുണ്ട്.
പിന്നീട് പർവതാരോഹകരുടെ സഹായം തേടുക മാത്രമാണ് അധികൃതരുടെ മുന്നിലുണ്ടായ പോംവഴി. തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും എ. പ്രഭാകരൻ എം.എൽ.എ.യുടെയും ഇടപെടലിൽ കരസേന സ്ഥലത്തെത്തിയത്. മികച്ച പർവതാരോഹകരും പ്രളയസമയത്ത് രക്ഷാപ്രവർത്തനം നടത്തിയവരും ഉൾപ്പെടുന്ന സംഘമാണ് രാത്രി പതിനൊന്നുമണിയോടെ എത്തിയത്.
ബുധനാഴ്ച രാവിലെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഇടുക്കിയിൽനിന്നും എറണാകുളത്തുനിന്നും പർവതാരോഹണത്തിൽ പ്രാവീണ്യം നേടിയ 15 പേർ എത്തുമെന്ന് ജില്ലാ ഫയർ ഓഫീസർ വി.കെ. ഋതീജ് പറഞ്ഞു. രണ്ടുസംഘമായി തിരിഞ്ഞ് മലകയറാനാണ് തീരുമാനം. കേരള പോലീസിന്റെ ഹൈ ആൾട്ടിറ്റിയൂഡ് റെസ്ക്യൂ സംഘവും സ്ഥലത്തെത്തും. കോസ്റ്റ്ഗാർഡിന്റെയോ കരസേനയുടെയോ ഹെലികോപ്റ്റർ ബുധനാഴ്ച എത്തിക്കാനും ആലോചനയുണ്ട്. കോഴിക്കോട്ടുനിന്ന് മലകയറ്റത്തിൽ പ്രാവീണ്യം നേടിയ സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
വിളിക്ക് മറുവിളി കേട്ടു… പക്ഷേ, കാണാനായില്ലെന്ന് ആറുമുഖൻ
ചെങ്കുത്തായ മലയുടെ മുകളിലേക്ക് വലിഞ്ഞുകയറാനാവും. പക്ഷേ, ബാബു ഇരിക്കുന്ന ഭാഗത്തേക്ക് എത്തിപ്പെടാൻ എളുപ്പമല്ല. കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും ഞങ്ങൾക്ക് സാധിച്ചില്ല-ചെറാട് എലിച്ചിരം കൂർമ്പാച്ചിമലയിൽ കുടുങ്ങിയ ബാബുവെന്ന യുവാവിനെ രക്ഷിക്കാൻ മലകയറിയ ആദ്യസംഘത്തിലെ വനംവകുപ്പ് വാച്ചർ ആറുമുഖന്റെ വാക്കുകളാണിത്.
ബാബു മലമുകളിൽ അകപ്പെട്ടതറിഞ്ഞ് അഗ്നിരക്ഷാസേനാംഗങ്ങൾ ഉൾപ്പെടെ ഏഴുപേരാണ് തിങ്കളാഴ്ച ഉച്ചയോടെ മലകയറിയത്. ചെരിഞ്ഞുകിടക്കുന്ന പാറകളിൽ കൈകൾ അമർത്തിപ്പിടിച്ച് വലിഞ്ഞുകയറി. ഒരുകുപ്പി വെള്ളം മാത്രമേ പലരുടെയും കൈയിലുണ്ടായിരുന്നുള്ളൂ. എങ്കിലും അവനെ കണ്ടെത്തുകയെന്നത് മാത്രമായിരുന്നു മനസ്സിൽ. കഷ്ടപ്പെട്ട് മുകളിലെത്തിയെങ്കിലും അവൻ എവിടെയാണെന്ന് അറിയുന്നില്ല. ഉറക്കെ വിളിച്ചപ്പോൾ, ബാബുവും ഉറക്കെ ശബ്ദമുണ്ടാക്കി. ശബ്ദംകേട്ട ദിശനോക്കി നടന്നെങ്കിലും മുന്നിൽകണ്ടത് പേടിപ്പിച്ചു.
മലമുകളിൽനിന്ന് അരക്കിലോമീറ്ററോളം താഴ്ചയിലാവണം ബാബുവുള്ളത്. ഇറങ്ങാൻ കഴിയില്ല. കയർ ഇട്ടുനൽകാനോ, ഭക്ഷണം നൽകാനോ ഒന്നും കഴിയുന്നില്ല. ശ്രമിച്ചാൽതന്നെ, മറ്റുള്ളവരുടെകൂടി ജീവൻ അപകടത്തിൽപ്പെടും. രണ്ടുംകല്പിച്ച് ശ്രമിച്ചെങ്കിലും രാത്രിയായി. ഇരുട്ടുവീണതോടെ ഞങ്ങൾക്കും മലമുകളിൽ ഇരിക്കേണ്ടിവന്നു.
രാവിലെ പാറയിലെ പൊള്ളുന്ന ചൂടായിരുന്നു പ്രശ്നമെങ്കിൽ, പിന്നീട് അത് തണുപ്പായി മാറി. നല്ലൊരുവടിപോലും കൈയിലില്ല. വന്യമൃഗങ്ങളും പാമ്പുകളും മുൾച്ചെടികളും ഏറെയുള്ള മലയിൽ എങ്ങനെയൊക്കെയോ രാത്രി കഴിച്ചുകൂട്ടി. ഒടുവിൽ രക്ഷിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ, ഞങ്ങൾ കാടിറങ്ങുകയായിരുന്നു -ആറുമുഖൻ പറഞ്ഞു.
മലമുകളിലേക്ക് കണ്ണുനട്ട്…
കൂർമ്പാച്ചിമലയിടുക്കിൽനിന്ന് ബാബുവിനെ രക്ഷിക്കുന്നത് കാണാനായി നൂറുകണക്കിന് ആളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവാൻ താത്പര്യപ്പെട്ടുവന്ന ആളുകളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അഗ്നിരക്ഷാസേന, സിവിൽഡിഫൻസ് വൊളന്റിയർമാർ, പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, ദേശീയ ദുരന്തനിവാരണ സേന തുടങ്ങിയവരോടൊപ്പം പലരും സഹായം നൽകി പങ്കാളികളായി.
രക്ഷാപ്രവർത്തകർക്ക് ഭക്ഷണവും വെള്ളവും നൽകാൻ സന്നദ്ധ സംഘടനകളും സ്ഥലത്തുണ്ടായിരുന്നു. രാവിലെ ഒമ്പതുമണിയോടെ സ്ഥലത്തെത്തിയ നാട്ടുകാരടക്കമുള്ളവർ രാത്രി വൈകിയും മലയടിവാരത്ത് തുടർന്നു. കരസേനയെത്തുന്നതിന് മുന്നോടിയായി കൂടിനിന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമവും അധികൃതർ ആരംഭിച്ചു.