തിരുവനന്തപുരം > കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴിൽമേളയിലൂടെ 2226 പേർക്ക് നിയമന ഉത്തരവായി. 9595 പേർക്ക് വരുംദിവസങ്ങളിലും നിയമനമാകും. ആദ്യഘട്ട മേളയിൽ 11,821 പേർക്കാണ് ജോലി ഉറപ്പായത്. 1077 കമ്പനി തൊഴിൽദാതാക്കളായി. 14 ജില്ലയിലായി 22,341 ഉദ്യോഗാർഥികൾ മേളകളിൽ പങ്കെടുത്തു.
കരിയർ ബ്രേക്കായ യുവതികൾക്കായി മൂന്ന് മേഖലയിൽ പ്രത്യേക മേള നടത്തി.
ജനുവരി അവസാനം നടത്തിയ പത്തുദിവസത്തെ വെർച്വൽ മേളയിൽ 6658 ഉദ്യോഗാർഥികളും 101 കമ്പനിയും പങ്കെടുത്തു. 2899 പേർക്ക് അന്തിമ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങി. 421 പേരുടെ നിയമന പട്ടികയിലെ 61 പേർ ജോലിയിൽ പ്രവേശിച്ചു. മേളകളിൽ മുമ്പെങ്ങുമില്ലാത്ത പങ്കാളിത്തമുണ്ടായതായി കെ–- ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണിക്കൃഷ്ണൻ ദേശാഭിമാനിയോട് പറഞ്ഞു. 10,000 തൊഴിലായിരുന്നു ഒന്നാംഘട്ടം ലക്ഷ്യമിട്ടത്.
20 ലക്ഷം ജോലി
അഞ്ചുവർഷത്തിൽ 20 ലക്ഷം അഭ്യസ്തവിദ്യർക്കാണ് ജോലി ലക്ഷ്യമിടുന്നത്. പദ്ധതി സമീപനരേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരമായി. വിശദ പദ്ധതിരേഖ തയ്യാറാക്കുന്നു. അറുപത്തഞ്ച് ലക്ഷം കുടുംബത്തിലേക്ക് നൈപുണി വികസന പ്രചാരണമെത്തിക്കും. അഞ്ചുവർഷത്തിൽ 35 ലക്ഷം പേർക്ക് വ്യവസായ അനുയോജ്യ നൈപുണി പരിശീലനം ഉറപ്പാക്കും. വീട്ടിലിരുന്ന് ജോലി, വീടിനടുത്ത് ജോലി എന്നിവയും ലക്ഷ്യമാണ്.