തിരുവനന്തപുരം > വീട് അനുവദിക്കാൻ ഗുണഭോക്താവിനോട് കൈക്കൂലി ആവശ്യപ്പെട്ട് കോൺഗ്രസ് വാർഡ് കൗൺസിലർ. തിരുവനന്തപുരം കോർപറേഷൻ കുന്നുകുഴി വാർഡ് കൗൺസിലർ മേരി പുഷ്പത്തിനെതിരെയാണ് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബം പരാതിയുമായി രംഗത്തെത്തിയത്. കൗൺസിലർക്കും പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കും എതിരെ കെപിസിസിക്കും ഡിസിസിക്കും പരാതി നൽകി. എന്നാൽ പരാതിക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു ഡിസിസി നേതൃത്വം. ഇതിനിടെ കൈക്കൂലി ആവശ്യപ്പെടുന്ന കൗൺസിലറുടെ ശബ്ദരേഖ പുറത്തുവന്നു.
കോൺഗ്രസ് കുടുംബത്തോട് 25000 രൂപയാണ് ‘പാർടി ഫണ്ടി’ന് കൈക്കൂലി ആവശ്യപ്പെട്ടത്. കോർപറേഷന്റെ ‘മണ്ണും വീടും’ പദ്ധതിയിൽ ഉൾപ്പെട്ട കുന്നുകുഴി വാർഡിലെ ഗുണഭോക്താക്കളാണിവർ. പദ്ധതി പ്രകാരം ശ്രീകാര്യം എൻജിനിയറിങ് കോളേജിന് സമീപം മൂന്ന് സെന്റ് സ്ഥലം ഇവർ കണ്ടെത്തിയിരുന്നു. ഇക്കാര്യം കോർപറേഷനെയും കൗൺസിലറെയെും അറിയിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, വാർഡ് പ്രസിഡന്റ് എന്നിവർക്കും വിവരം നൽകി. കൗൺസിലറും സംഘവും മറ്റൊടിത്ത് സ്ഥലം വാങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് ഗുണഭോക്താവ് നിരസിച്ചു. ഇതോടെ കുടുംബം കണ്ടെത്തിയ സ്ഥലം വാങ്ങാൻ ശുപാർശ കത്ത് നൽകാൻ 25000 രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.