പറവൂർ: നിർത്താതെ പ്രത്യേക ശബ്ദത്തിൽ കുരച്ചു. പിന്നെ വീടിനുമ്മറത്തേക്കും പുഴയരികിലേക്കും ഓടിയോടി നടന്നു. അങ്ങനെ പാണ്ഡു എന്ന വളർത്തുനായ സുഭാഷിനെ അപകടസ്ഥലത്തെത്തിച്ചു. ചെളിവെള്ളം നിറഞ്ഞ പുഴയിൽ മുങ്ങിത്താഴുകയായിരുന്നു ഒരു മനുഷ്യജീവൻ. പുറത്തു കാണുന്നത് കൈകൾ മാത്രം. പിന്നെ ഒരു നിമിഷംപോലും സുഭാഷ് പാഴാക്കിയില്ല. പുഴയിലേക്ക് എടുത്തുചാടി അപകടത്തിൽപ്പെട്ടയാളെ കരയ്ക്കെത്തിച്ചു.
ഞായറാഴ്ച രാത്രി എട്ടിനാണ് നായയുടെ ബുദ്ധിശക്തിയും യജമാനന്റെ സാഹസിക രക്ഷാദൗത്യവും ഒരു ജീവന് തുണയായത്. ചെറായി പാലത്തിനു സമീപമായിരുന്നു സംഭവം. പെരുമ്പടന്ന മാട്ടുമ്മൽ രമേശനെയാണ് രക്ഷപ്പെടുത്തിയത്. രാത്രി ഒരു വിവാഹപാർട്ടി കഴിഞ്ഞ് ഇരുചക്രവാഹനത്തിൽ മടങ്ങിയ രമേശന്റെ വാഹനം നിയന്ത്രണം തെറ്റി മരത്തിലിടിച്ചാണ് പുഴയിലേക്ക് തെറിച്ചുവീണത്. സുഭാഷിന്റെ വീട് പുഴയരികിലാണ്.
കരയ്ക്കെത്തിച്ച രമേശന് കൃത്രിമശ്വാസവും പ്രാഥമിക ശുശ്രൂഷയും നൽകി. ഫയർ ആൻഡ് റസ്ക്യൂ സിവിൽ ഡിഫൻസ് പറവൂർ യൂണിറ്റ് അംഗമാണ് തുരുത്തിയിൽ വീട്ടിൽ സുഭാഷ് (56). ജീവൻ രക്ഷാപ്രവർത്തനത്തിനുള്ള പരിശീലനവും സിദ്ധിച്ചിട്ടുണ്ട്. പറവൂർ നഗരസഭയിലെ കില ഫാക്കൽറ്റി കൂടിയാണ്. കളമശ്ശരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രമേശൻ സുഖം പ്രാപിച്ചുവരുന്നു.
Content Highlights:pet dog helps to rescue a man from pond in paravoor