കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റേയും മറ്റ് പ്രതികളുടേയും ശബ്ദ സാമ്പിളുകൾ ശേഖരിച്ചു. സാമ്പിൾ ശേഖരണം ഒരു മണിവരെ നീണ്ടു. തുടർന്ന് മഹസർ എഴുതി പ്രതികളെ വായിച്ചു കേൾപ്പിച്ചശേഷം ഒപ്പിട്ടുവാങ്ങി.
ശബ്ദസാമ്പിൾ നൽകിയശേഷം പുറത്തുവന്ന ദീലീപ് മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി. കൊച്ചിയിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ രാവിലെ 11 മണിയോടെയാണ് ദിലീപ്, കേസിലെ മറ്റ് പ്രതികളായ സുരാജ്, അനൂപ് എന്നിവർ ശബ്ദസാമ്പിളുകൾ നൽകുന്നതിനായി എത്തിയത്. സൂരജിന്റെ ശബ്ദസാമ്പിളുകളാണ് ആദ്യംശേഖരിച്ചത്.
ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശബ്ദസാമ്പിളുകൾ ശേഖരിച്ചത്. ബാലചന്ദ്രകുമാർ കൈമാറിയ വോയിസ് ക്ലിപ്പ് ദിലീപിന്റേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണ് ശബ്ദസാമ്പിളുകൾ പരിശോധിക്കുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശേഖരിച്ച സാമ്പിളുകൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയക്കും. ഫോറൻസിക് ലാബിൽ നിന്നുള്ള റിപ്പോർട്ട് ആലുവ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് കൈമാറും. സാധാരണഗതിയിൽ ഒരാഴ്ചയാണ് റിപ്പോർട്ട് ലഭിക്കാൻ വേണ്ടത്.
എന്നാൽ ഇതൊരു പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട് റിപ്പോർട്ട് എത്രയും വേഗത്തിൽ ലഭിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുകയാണ് അന്വേഷണ സംഘം. വോയ്സ് ക്ലിപ്പിലുള്ളത് തന്റെ ശബ്ദമല്ലെന്ന് ദിലീപ് കോടതിയിൽ പറഞ്ഞിട്ടില്ല. പകരം തന്റെ ശാപവാക്കുകളാണ് ഇതെന്നാണ് ദിലീപ് കോടതിയിൽ പറഞ്ഞത്. എന്നാൽപോലും ഇത് ശാസ്ത്രീയമായി തെളിയിക്കേണ്ട ബാധ്യത അന്വേഷണ സംഘത്തിനുണ്ട്. അതിന്റെ ഭാഗമായാണ് ശബ്ദസാമ്പിളുകൾ ശേഖരിച്ചത്. അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന് ദിലീപ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights:Audio samples of Dileep and other accused were collected