തിരുവനന്തപുരം > തിരുവനന്തപുരം വിഎസ്എസ്സിയുടെ ഡയറക്ടറായി ഡോ. എസ് ഉണ്ണിക്കൃഷ്ണൻ നായർ ബുധനാഴ്ച ചുമതലയേൽക്കും. ഡയറക്ടറായിരുന്ന ഡോ. എസ് സോമനാഥ് ഐഎസ്ആർഒ ചെയർമാനായതിനെ തുടർന്നാണ് നിയമനം. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിനുള്ള പദ്ധതിക്കായി രൂപീകരിച്ച ബംഗളൂരു ഹ്യൂമൻ ഫ്ളൈറ്റ് സെന്റർ ഡയറക്ടറാണ്. ഈ ചുമതലയിലും തുടരും.
കോട്ടയം കോതനല്ലൂർ സ്വദേശിയായ ഉണ്ണിക്കൃഷ്ണൻനായർ ഏറെക്കാലമായി തിരുവനന്തപുരം പൂജപ്പുരയിലാണ് താമസം. കേരള സർവകലാശാലയിൽ നിന്ന് മെക്കാനിക്കലിൽ ബിടെക് നേടിയ ശേഷം എയ്റോ സ്പേയ്സ് എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദവും ചെന്നൈ ഐഐടിയിൽ നിന്ന് പിഎച്ച്ഡിയും നേടി. 1985 ൽ വിഎസ്എസ്സിയിൽ ജോലിയിൽ പ്രവേശിച്ചു.
വിഎസ്എസ്സി ഡെപ്യൂട്ടി ഡയറക്ടർ, അഡ്വാൻസ് സ്പേസ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റം പ്രോഗ്രാം ഡയറക്ടർ തുടങ്ങിയ ചുമതലകളും വഹിച്ചു. ഗഗൻയാൻ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതുമുതൽ നിർണായക പങ്കുവഹിച്ചു. അന്താരാഷ്ട്ര അസ്ട്രോണമിക്കൽ അസോസിയേഷൻ പഠന ഗ്രൂപ്പുകളുടെ തലവനായിരുന്നു. മനുഷ്യ ബഹിരാകാശ പര്യവേക്ഷണത്തിനായുള്ള ഇന്ത്യ-റഷ്യ ബഹിരാകാശ സഹകരണ പദ്ധതി നയിച്ചു. വിഎസ്എസ്സി മുൻ കംപ്യൂട്ടർ എൻജിനിയർ ജയ ജി നായർ ആണ് ഭാര്യ. ഐശ്വര്യ നായർ (എൻജിനിയർ), ചൈതന്യ നായർ (ബിരുദ വിദ്യാർഥിനി) എന്നിവർ മക്കളാണ്.