കൊല്ലം> സംസ്ഥാന സര്ക്കാരിന്റെ തണലില് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മുന്നേറുകയാണ് കുണ്ടറയിലെ കേരള സിറാമിക്സ്. പ്ലാന്റ് നവീകരണം, ഉല്പ്പന്നത്തിന്റെ ഗുണമേന്മ വര്ധിപ്പിക്കല്, വിപണനം മെച്ചപ്പെടുത്തല്, ചെലവുചുരുക്കല്, അസംസ്കൃത വസ്തുവിന്റെ ലഭ്യത ഉറപ്പാക്കല് തുടങ്ങിയവയിലൂടെ ആണ് കമ്പനി നേട്ടങ്ങള് കൈവരിക്കുന്നത്. നഷ്ടത്തിലേക്ക് കൂപ്പുകുത്തി അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ സിറാമിക്സ് നടത്തിയിരിക്കുന്ന മടങ്ങിവരവ് പ്രതീക്ഷ നല്കുന്നതാണ്.
2019-20 വര്ഷത്തെ ഉല്പ്പാദനക്ഷമതയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടുന്നനിലയിലേക്ക് സിറാമിക്സ് മാറിക്കഴിഞ്ഞു. ആദ്യം 17 കോടിയും രണ്ടാംഘട്ട നവീകരണത്തിന് 4.5 കോടിയും ആണ് സംസ്ഥാന സര്ക്കാര് നല്കിയത്. അടുത്ത പത്തുവര്ഷത്തിനുള്ളില് ഉല്പ്പാദനവും അറ്റാദായവും വന്തോതില് വര്ധിപ്പിക്കാനുള്ള മാസ്റ്റര് പ്ലാന് തയ്യാറാക്കി വ്യവസായവകുപ്പിന് സമര്പ്പിച്ചിട്ടുണ്ട്. നഷ്ടത്തില് എത്തിയ സിറാമിക്സ് 2018-19 സാമ്പത്തിക വര്ഷം മുതല് ആണ് പ്രവര്ത്തനലാഭത്തിലെത്തിയത്. 2016-17 നെക്കാള് ഉല്പ്പാദനം 201.53 ശതമാനത്തോളവും വിറ്റുവരവ് 233.19 ശതമാനവും വര്ധിപ്പിക്കാനായി. 2016-17 ല് വിറ്റുവരവ് 2.94 കോടി ആയിരുന്നത് 2020-21 ല് 9.81 കോടിയായി. ഈ സാമ്പത്തിക വര്ഷം 12 കോടി വിറ്റുവരവ് നേടുമെന്നാണ് പ്രതീക്ഷ.
2026 ല് ലക്ഷ്യം 20-25 കോടി വിറ്റുവരവ് ആണ്. 2016-17 ല് 2.61 കോടി പ്രവര്ത്തന നഷ്ടം ഉണ്ടായിരുന്ന സ്ഥാനത്ത് 2020-21 ല് 55 ലക്ഷം രൂപ പ്രവര്ത്തന ലാഭം കൈവരിച്ചു. 1937 -ല് പ്രവര്ത്തനമാരംഭിച്ച സ്ഥാപനം 1963- ല് ആണ് കേരള സിറാമിക്സ് ലിമിറ്റഡ് എന്ന പേരില് രജിസ്റ്റര് ചെയ്തത്. ഇവിടെ കളിമണ്ണിന്റെ ലഭ്യതയാണ് സിറാമിക്സിന് തുണയായത്. എന്നാല് സാനിറ്ററിവെയര് നിര്മാണവിഭാഗം 1990- ലും പിഞ്ഞാണപ്പാത്രവിഭാഗം 2003- ലും പൂട്ടിയിരുന്നു. 2016 -ന്റെ തുടക്കത്തില് ഉല്പ്പാദനത്തിനാവശ്യമായ അസംസ്കൃതവസ്തുവിന്റെ ദൗര്ലഭ്യവും കനത്ത നഷ്ടവും സ്ഥാപനം അടച്ചുപൂട്ടലിന്റെ വക്കിലെത്തി. പിന്നീട് നിരന്തര പരിശ്രമത്തില് ആണ് കമ്പനിയെ കരകയറ്റിയത്.
തുണയായത് പുതിയ സാങ്കേതികവിദ്യ
1973 -ല് സ്ഥാപിച്ച സ്പ്രേ ഡ്രൈഡ് കയോലിന് ഉല്പാദന പ്ലാന്റ് 40 -ലേറെ വര്ഷം നവീകരിക്കാത്തതിനാല് ഉല്പാദനക്ഷമതയും ഗുണനിലവാരവും കുറഞ്ഞിരുന്നു. 2018- ല് ആണ് പുതിയ സാങ്കേതികവിദ്യയില് പ്ലാന്റ് നവീകരിച്ചത്. ഇന്ധനച്ചെലവു കുറക്കാനായി ഡീസലിനു പകരം എല്പിജിയിലേക്കും പിന്നീട് ദ്രവീകൃത പ്രകൃതിവാതകത്തിലേക്കും മാറി. ഊര്ജ ഉപഭോഗം കുറയ്ക്കാന് ഓട്ടോമാറ്റിക് പവര് ഫാക്ടര് കണ്ട്രോള് സ്ഥാപിച്ചു. പ്രതിമാസ ഉല്പ്പാദനം 2016- ല് ശരാശരി 150 ടണ് ആയി കുറഞ്ഞിരുന്നു. അവിടെ നിന്ന് 1220 ടണ്ണിലേക്ക് ഉല്പ്പാദനം ഉയര്ത്താന് കഴിഞ്ഞു. ഉപഭോക്താക്കള് ആവശ്യപ്പെടുന്ന ഗുണമേന്മയുള്ള ഉല്പ്പന്നങ്ങള് നിര്മിക്കാനും സ്ഥാപനം പ്രാപ്തമായി. പേപ്പര് മില്ലുകളുടെ നഷ്ടപ്പെട്ട ഓര്ഡറുകള് തിരിച്ചുപിടിച്ചു. വളം, കീടനാശിനി, റിഫ്രാക്ടറി വ്യവസായമേഖലകളില് കമ്പനിയുടെ ഉല്പ്പന്നങ്ങള് മേല്ക്കൈ നേടി.
ഏഴേക്കര് ഭൂമികൂടി വാങ്ങാന് തീരുമാനം
കളിമണ് ഖനനത്തിനായി കമ്പനി 4.32 ഏക്കര് സ്ഥലംകൂടി സിറാമിക്സ് ഏറ്റെടുത്തിട്ടുണ്ട്. കമ്പനിയുടെ കൈവശമുള്ളത് അടുത്ത 10 വര്ഷത്തെ പ്രവര്ത്തനത്തിനു വേണ്ട കളിമണ് ശേഖരം ആണ്. 15 വര്ഷത്തേക്കുകൂടി ആവശ്യമായ ഏഴേക്കര് ഭൂമികൂടി വാങ്ങാന് തീരുമാനിച്ചിട്ടുണ്ട്. മൈനിങ് ആന്ഡ് ജിയോളജി വകുപ്പ് ഈ ശേഖരം സ്ഥിരീകരിച്ചു. പ്രതിമാസം ആയിരം ടണ് ആണ് പ്ലാന്റിന്റെ ഉല്പ്പാദനശേഷി. പ്രതിമാസം 1500 ടണ് ആയി ഉല്പാദനം ഉയര്ത്താനാണ് ലക്ഷ്യം. അമ്പത് ശതമാനംവരെ ലാഭം കിട്ടുന്ന മൂല്യവര്ധിത ഉല്പ്പന്നങ്ങളുമായി ഭാവിയില് വലിയ നേട്ടമുണ്ടാക്കാന് കഴിയുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്. എന്നാല് പഴയ ബാധ്യതകളുടെ പേരിലെ സഞ്ചിതനഷ്ടം കമ്പനിക്ക് തലവേദന ആണ്. മുന്കാല വായ്പകള് സര്ക്കാര് ഓഹരിയാക്കി മാറ്റുമെന്ന പ്രതീക്ഷയും കമ്പനിക്കുണ്ട്. അതോടെ സിറാമിക്സിന്റെ ബാലന്സ് ഷീറ്റ് ലാഭത്തിലാവും. സ്പ്രേ ഡ്രൈഡ് കയോലിന് ആണ് സിറാമിക്സില് നിര്മിക്കുന്ന വ്യാവസായിക ഉത്പന്നം. പേപ്പര്, പ്ലാസ്റ്റിക്, റബ്ബര്, സിറാമിക്സ് തുടങ്ങിയ വ്യവസായങ്ങള്ക്ക് ഇവ നല്കുന്നു. ഇതിന്റെ 60 ശതമാനവും പേപ്പര് കമ്പനികള് ആണ് വാങ്ങുന്നത്. 10 ശതമാനം പെയിന്റ് വ്യവസായവും. ബാക്കി റബ്ബര്, സിറാമിക്സ്, സോപ്പ്, ഡിറ്റര്ജെന്റ് തുടങ്ങിയവയിലും ഉപയോഗിക്കുന്നു. ഐടിസി, ടിഎന്പിഎല് തുടങ്ങിയ വന്കിട കമ്പനികള് ഇടപാടുകാര് ആണ്.
മാസ്റ്റര് പ്ലാനിന്റെ ഭാഗമായി കാല്സൈഡ് ക്ലേ പോലെയുള്ള മൂല്യവര്ധിത ഉല്പന്നങ്ങളും നിര്മിക്കുമെന്ന് മാനേജിങ് ഡയറക്ടര് പി സതീഷ്കുമാര് പറഞ്ഞു.
മാസ്റ്റര് പ്ലാനിലെ ലക്ഷ്യങ്ങള്
• ഹ്രസ്വകാലം, മധ്യകാലം, ദീര്ഘകാലം എന്നിങ്ങനെ മൂന്നുഘട്ടമായാണ് കമ്പനിയുടെ നവീകരണത്തിനുള്ള മാസ്റ്റര് പ്ലാന് തയ്യാറാക്കിയിരിക്കുന്നത്. 10 കോടി ആണ് ഹ്രസ്വകാല പദ്ധതിയുടെ ചെലവ്.
അഞ്ചുവര്ഷം
• വിറ്റുവരവ് ഇന്നത്തെ ഒമ്പതുകോടിയില്നിന്ന് 21 കോടിയാക്കുക.
• 74 പേര്ക്കുകൂടി തൊഴില്
• 25 വര്ഷത്തെ പ്രവര്ത്തനത്തിനുള്ള അസംസ്കൃത കളിമണ്ണ് ഉറപ്പാക്കുക
പത്ത് വര്ഷം
• വിറ്റുവരവ് 45 കോടിയാക്കുക
• ശരാശരി 50 ശതമാനം ലാഭം ലഭിക്കുന്ന ഉത്പന്നങ്ങള് നിര്മിക്കുക
• 150 പേര്ക്കുകൂടി തൊഴില്