തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിൽ അന്വേഷണവുമായി പോലീസ്. ഇതുമായി ബന്ധപ്പെട്ട് പോലീസ് മഹാരാഷ്ട്രയിലേക്ക് പോകും. ഡോ. അംബേദ്കർ സർവകലാശാലയിൽ പോയി നേരിട്ട് അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം. ഈ മാസം തന്നെ പോലീസ് മഹാരാഷ്ട്രയിലേക്ക് പോകുമെന്നാണ് വിവരം.
സ്പെയ്സ് പാർക്കിൽ സ്വപ്ന സുരേഷ് ജോലി സമ്പാദിച്ചത് വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. കണ്ടോൺമെന്റ് പോലീസാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിൽ സ്വപ്ന സ്പെയ്സ് പാർക്കിൽ നൽകിയത് മഹാരാഷ്ട്രയിലെ ബാബാസാഹേബ് അംബേദ്കർ ടെക്നിക്കൽ സർവകലാശാലയിലെ വ്യാജ സർട്ടിഫിക്കറ്റാണെന്ന് കണ്ടെത്തി. ഇത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് ഉറപ്പിക്കാനാണ് പോലീസ് ഇപ്പോൾ മഹാരാഷ്ട്രയിലേക്ക് പോകുന്നത്.
നേരത്തെ മഹാരാഷ്ട്രയിലെ സർവകലാശാലയിൽ നേരിട്ട് പോയി അന്വേഷിക്കാൻ പോലീസ് തീരുമാനിച്ചിരുന്നു. എന്നാൽ കോവിഡ് കാരണം അത് വൈകിയിരുന്നു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ വന്നതോടെയാണ് നടപടികൾ വേഗത്തിലാക്കാൻ അന്വേഷണം സംഘം തീരുമാനിച്ചത്. വ്യാജമാണെന്ന് ഉറപ്പിച്ചതിന് ശേഷം ഇത് എങ്ങനെയാണ് നിർമ്മിച്ചത് എന്ന അന്വേഷണവും പോലീസ് നടത്തും.
സ്വപ്നതന്നെ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചു എന്ന വിലയിരുത്തലിലാണ് നിലവിൽ പോലീസ്. ഇത് ഉറപ്പു വരുത്താൻ വേണ്ടിയാണ് പോലീസ് സർവകലാശാലയിൽ നേരിട്ട് പോകുന്നത്.
Content Highlights: Swapnas fake degree certificate – investigation team go to Maharashtra