അഭിപ്രായ വോട്ടെടുപ്പ് നടത്തിയല്ല രാജ്യത്ത് നീതി നടപ്പാക്കുന്നതെന്ന് ഹൈക്കോടതി. യുവനടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ സിനിമാതാരം ദീലീപ് അടക്കമുള്ളവർക്ക് മുൻകൂർ ജാമ്യം അനുവദിച്ച വിധിയിലാണ് കോടതി പരാമർശം.
”തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പൊതുജനാഭിപ്രായം പരിഗണിച്ചേക്കും. അശ്രദ്ധമായ എഡിറ്റോറിയലുകളെയും കത്തുകളെയും പ്രതിഷേധങ്ങളെയും ഭീഷണികളെയും പരാതികളെയും പാനലിസ്റ്റുകളെയും ടോക് ഷോകളെയും അവഗണിച്ച് ജഡ്ജിമാർ സത്യപ്രതിജ്ഞയിൽ ഉറച്ചു നിന്നു ജോലിയെടുക്കണം. പൊതുജനാഭിപ്രായം നോക്കിയല്ല ഈ രാജ്യത്ത് നീതി നടപ്പാക്കുന്നത്.”–എട്ടു വയസുകാരിയായ കുട്ടിയെ വളർത്തമ്മ കൊന്നു എന്ന യു.എസിലെ കേസിലെ വിധി ഹൈക്കോടതി ഉദ്ധരിച്ചു.
ദിലീപിനെതിരായ പൊലീസ് കേസ്
യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ഇല്ലാതാക്കാൻ ദിലീപും സംഘവും 2017ൽ ഗൂഡാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ‘വെളിപ്പെടുത്തലുകളാണ് ‘പുതിയ കേസിന് കാരണമായത്. 2021 നവംബർ 22നാണ് ബാലചന്ദ്രകുമാർ നെടുമ്പാശേരി പൊലീസിൽ പരാതി നൽകിയത്. ആരോപണങ്ങൾ തെളിയിക്കാനെന്ന പേരിൽ ചില വീഡിയോദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും നൽകി.
യുവനടിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും നിലവിൽ ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുമായ ബൈജു പൗലോസിന് ഇത് നെടുമ്പാശേരി പൊലീസ് കൈമാറി. ഇതിന് ശേഷം ബൈജു പൗലോസ് രണ്ടു തവണ ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി. ഇതിന് ശേഷമാണ് ക്രൈംബ്രാഞ്ച് എറണാകുളം യൂണിറ്റ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 116, 118, 120ബി, 302, 506, 34, എന്നിവ പ്രകാരമായിരുന്നു കേസ്.
ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെടുമോയെന്ന് ഭയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി തന്നെ വെറുതെവിടുമെന്ന ഭയത്താൽ പൊലീസ് കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് ദിലീപ് വാദിച്ചത്. യുവനടിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെയാണ് ഈ കേസിന് പിന്നിലെന്നും അതിനാൽ നീതി ലഭിക്കില്ലെന്നും ദിലീപ് വാദിച്ചു. ബൈജു പൗലോസ് ഉന്നത പദവിയിൽ ഇരിക്കുന്ന ക്രൈംബ്രാഞ്ചിൽ നിന്നും നീതി ലഭിക്കില്ലെന്നാണ് ദിലീപ് ചൂണ്ടിക്കാട്ടിയത്.
എന്നാൽ, ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് വാദിച്ചത്. ”യുവനടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാൻ വേണ്ട ഫോൺ ദിലീപ് ഹാജരാക്കുന്നില്ല.”– പൊലീസ് വാദിച്ചു.
ഹൈക്കോടതി നിരീക്ഷണം
ദിലീപ് ഫോൺ ഹാജരാക്കാത്തതിനെ നിസഹകരണമായി കാണാനാവില്ലെന്നാണ് വിധിയിൽ ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ”കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പറയപ്പെടുന്ന ഒരു ഫോൺ ഹാജരാക്കാത്തതു കൊണ്ട് അന്വേഷണവുമായി നിസഹകരിച്ചു എന്നു പറയാനാവില്ല. ഏകദേശം അഞ്ച് മാസം മുമ്പ് ദിലീപ് ഉപയോഗിച്ചിരുന്നതാണ് ആ ഫോണെന്നാണ് പൊലീസും പറയുന്നത്.”–കോടതി ചൂണ്ടിക്കാട്ടി.
എറണാകുളം സെഷൻസ് കോടതി പരിസരത്ത് വെച്ച് 2018 ജനുവരി 31ന് ബൈജു പൗലോസിനെ ദീലീപ് ഭീഷണിപ്പെടുത്തിയെന്ന വാദവും കോടതി തള്ളി. ”സാറ് കുടുംബവുമായി സ്വസ്ഥമായി ജീവിക്കുകയാണല്ലേ” എന്ന് ദിലീപ് ഭീഷണിപ്പെടുത്തിയെന്നാണ് ബൈജു പൗലോസ് ആരോപിക്കുന്നത്. ഈ സംസാരമുണ്ടായ സമയത്ത് യുവനടിയെ ആക്രമിച്ചെന്ന കേസ് അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിൽ ആയിരുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഇനി ദിലീപ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ പോലും കുറ്റകരമായ ഭീഷണി എന്ന വകുപ്പ് കൊണ്ടുവരാൻ ഈ വാക്കുകൾക്ക് കഴിയില്ല. ഏതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെ ആരോപണ വിധേയർ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന ആരോപണം പൊലീസ് ഉന്നയിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥരെ ഉപദ്രവിക്കാൻ പ്രതികൾ പ്രേരണ നൽകിയെന്നും ഗൂഡാലോചന നടത്തിയെന്നുമുള്ള പൊലീസ് വാദവും കോടതി പ്രഥമദൃഷ്ട്യാ തള്ളി. ”ക്രിമിനൽ ചെയ്യാൻ പ്രേരിപ്പിച്ചു എന്ന് വെറുതെ ആരോപിച്ചാൽ മതിയാവില്ല. ആ ലക്ഷ്യം പൂർത്തീകരിക്കാൻ എന്തെങ്കിലും ചെയ്യുകയോ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യാതിരിക്കുകയോ വേണം…..ഈ കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളിൽ അത്തരം പ്രവൃത്തികൾക്ക് പ്രഥമദൃഷ്ട്യാ തെളിവില്ല.”–വിധി പറയുന്നു.
അർധസത്യങ്ങളും അറിവില്ലായ്മയും മാധ്യമങ്ങൾ ആയുധമാക്കരുത്
ഒരിക്കലും തെറ്റുപറ്റില്ലെന്ന അഭിപ്രായം രാജ്യത്തെ പരമോന്നത കോടതികൾക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ” ഈ കേസ് ഒരുപാട് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഈ കോടതി കേസ് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മുഖ്യധാരാ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും നിരവധി അഭിപ്രായങ്ങൾ പറഞ്ഞു. വാദം കേൾക്കുന്ന സമയത്ത് കോടതിയിൽ ഉണ്ടായ നിരീക്ഷണങ്ങൾ ഇഴകീറി പരിശോധിച്ച് ചർച്ചകളുണ്ടായി. ഊർജ്വ സലവും സ്വതന്ത്രവുമായ മാധ്യമങ്ങൾ ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണ്. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും സംരക്ഷിക്കാൻ രാജ്യത്തെ ഭരണഘടനാ കോടതികൾ ആവേശത്തോടെ പ്രവർത്തിച്ചിട്ടുണ്ട്.
ഇത് പക്ഷെ, അർധസത്യങ്ങളെ ആയുധമാക്കുന്നവർക്കും നീതിന്യായ സംവിധാനത്തിന്റെ പ്രവർത്തനത്തെ കുറിച്ചും അടിസ്ഥാനതത്വങ്ങളെ കുറിച്ചും അറിവില്ലാത്തവർക്ക് ജുഡീഷ്യറിയെ അധിക്ഷേപിക്കാനുള്ള ലൈസൻസല്ല.” — സുപ്രിംകോടതിയുടെ 50ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ സുപ്രിം ബട്ട് നോട്ട് അൺഫാലിബിൾ’ എന്ന പുസ്തകത്തിൽ ജസ്റ്റീസ് ബി.എൻ കിർപാൽ എഴുതിയതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
****