പൈനാവ്: ഇടുക്കി ചിന്നക്കനാൽ 301 കോളനിയിലെ ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ വനംവകുപ്പ് നീക്കമെന്ന് ആരോപണം. ഒഴിഞ്ഞുപോകുന്നവർക്ക് 15 ലക്ഷം രൂപവീതം നൽകുമെന്നാണ് വാഗ്ദാനം. ആദിവാസികൾ ഉപേക്ഷിച്ചു പോയ കോളനിയിലെ പട്ടയഭൂമി, വനംവകുപ്പിന് വിറ്റ് കാശാക്കാനാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയുള്ള കയ്യേറ്റ മാഫിയയുടെ നീക്കമെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
എ.കെ. ആന്റണി സർക്കാരിന്റെ കാലത്താണ് ഭൂമിയില്ലാത്ത ആദിവാസികൾക്കുവേണ്ടി ചിന്നക്കനാലിൽ 301 കോളനി എന്ന പേരിൽ 301 കുടുംബങ്ങളെ പുനരധിവസിപ്പിച്ചുകൊണ്ട് പദ്ധതി നടപ്പാക്കിയത്. ആനത്താരയുള്ള പ്രദേശമാണെന്ന് കാണിച്ച് അന്നുതന്നെ വിമർശനം ഉയർന്നിരുന്നു. പിൽക്കാലത്ത് ആനയുടെ ശല്യം കാരണം പല കുടുംബങ്ങളും ഇവിടെനിന്ന് താമസം മാറിപ്പോവുകയും ചെയ്തു. നിലവിൽ 100-ൽ താഴെ കുടുംബങ്ങൾ മാത്രമാണ് കോളനിയിലെ സ്ഥിരതാമസക്കാർ.
പ്രദേശത്ത് ആന പാർക്ക് കൊണ്ടുവരണം എന്നുള്ളത് വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലം മുതൽക്കേയുള്ള ആലോചനയായിരുന്നു. എന്നാൽ അത് ഉടൻ നടപ്പാക്കണം എന്ന വിധത്തിലുള്ള ഒരു തീരുമാനവും വന്നതായി അറിവില്ല.
കഴിഞ്ഞയാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആദിവാസികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു യോഗം വിളിച്ചതായി പറയപ്പെടുന്നുണ്ട്. ഈ യോഗത്തിൽവെച്ച്, പ്രദേശത്ത് ആനപ്പാർക്ക് വരുന്നുണ്ടെന്നും ആനശല്യംകാരണം ഇവിടെനിന്ന് മാറിപ്പോകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഓരോ കുടുംബത്തിനും 15 ലക്ഷം രൂപാ വീതം നൽകാൻ തയ്യാറാണെന്ന വാഗ്ദാനം നൽകിയിരുന്നു. കുടുംബത്തിലെ പ്രായപൂർത്തിയായ അംഗങ്ങളെ വേറെ കുടുംബമായി പരിഗണിച്ച് അവർക്കും 15 ലക്ഷം രൂപ നൽകുമെന്നും പറഞ്ഞിരുന്നു.
വിഷയത്തെ കുറിച്ച് വനംവകുപ്പിൽനിന്ന് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും ഊരിൽനിന്ന് വിളിച്ചറിയിച്ചതിന്റെ പശ്ചാത്തലത്തിൽ വിഷയം കളക്ടറെ അറിയിച്ചിട്ടുണ്ടെന്നും തഹസിൽദാർ നിജു കുര്യൻ മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. കോളനിയിലെ ഭൂമി ക്രയവിക്രയം ചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനംവകുപ്പിന് എങ്ങനെ ഒറ്റയ്ക്ക് ഇത്തരമൊരു നടപടിയുമായി മുന്നോട്ടുപോകാൻ സാധിക്കും എന്ന ചോദ്യമാണ് ഈ സാഹചര്യത്തിൽ ഉയരുന്നത്.
ഭൂമാഫിയയുടെ പ്രവർത്തനവും ഇവിടെ നടക്കുന്നുണ്ട്. വർഷങ്ങളായി താമസമില്ലാതെ കിടക്കുന്ന ഭൂമി തിരിച്ചുപിടിച്ച് അവിടുത്തെ പട്ടയം തിരിച്ചെടുക്കാനുള്ള പദ്ധതി റവന്യൂ വകുപ്പ് ആരംഭിച്ചിരുന്നു. നൂറിൽ താഴെ കുടുംബങ്ങൾ മാത്രമാണ് നിലവിൽ 301 കോളനിയിൽ താമസിക്കുന്നത്. ചിലർ ഉദ്യോഗസ്ഥർ അറിയാതെ പാട്ടത്തിനും മറ്റുമായി പുറത്തുള്ളവർക്ക് ഭൂമി നൽകിയിരുന്നു. ഇത്തരത്തിൽ പാട്ടത്തിൽ ലഭിച്ച ഭൂമി സ്വന്തംപേരിലേക്ക് ആക്കുകയും ഇത് വനംവകുപ്പിന് തിരിച്ചുനൽകാൻ തയ്യാറാണെന്ന് കാണിച്ച് പതിനഞ്ചുലക്ഷം തട്ടാനുള്ള ഭൂമാഫിയയുടെ നീക്കവും നടക്കുന്നുണ്ട്.
content highlights:attempt to evict adivasi families from 301 colony of idukki chinnakkanal