തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ അഞ്ചുവയസ്സുകാരി മരിച്ച സംഭവത്തിനു പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ. വന്യമൃഗശല്യം നിരന്തരമുണ്ടാകുന്നതായിശ്രദ്ധയിൽപ്പെടുത്തിയിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വാൽപ്പാറ, മലക്കപ്പാറ ഭാഗത്തുനിന്നും ചാലക്കുടിയിലേക്ക് അതിരപ്പിള്ളി വഴി വരുന്ന പ്രധാന റോഡ് നാട്ടുകാർ ഉപരോധിച്ചു. വർഷങ്ങളായി ഈ മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാണ്. ആന, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം നാട്ടുകാർക്കു നേരെ ഉണ്ടാകുന്നുണ്ട്. ഇതിൽ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ ഉപരോധം.
വന്യമൃഗങ്ങളുടെ ആക്രമണം അതിരപ്പിള്ളി ഗ്രാമവാസികളെ അലട്ടാൻ തുടങ്ങിയിട്ട് കാലങ്ങളായെന്നും പച്ചമുളകു പോലും കൃഷി ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്നും പ്രദേശവാസികളിൽ ഒരാൾ മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. കുരങ്ങ്, അണ്ണാൻ, മാൻ തുടങ്ങിയ മൃഗങ്ങളുടെ ശല്യവുമുണ്ട്. ജനങ്ങളുടെ ജീവന് ഭീഷണിയായ സാഹചര്യത്തിൽകൂടിയാണ് പ്രതിഷേധവുമായി മുന്നോട്ടുവന്നിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കണ്ടെത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് സ്കൂട്ടറിൽ പോകുകയായിരുന്ന കുടുംബത്തിനു നേരെയുള്ള കാട്ടാനയുടെ ആക്രമണത്തിൽ അഞ്ചുവയസ്സുകാരി മരിച്ചത്.മാള പുത്തൻചിറ മൂരിക്കാട് സ്വദേശി കച്ചട്ടിൽ നിഖിലിന്റെയും അജന്യയുടെയും മകൾ ആഗ്നിമിയയാണ് കൊല്ലപ്പെട്ടത്. നിഖിലിനും ഭാര്യയുടെ അച്ഛൻ ജയനും പരിക്കേൽക്കുകയും ചെയ്തിരുന്നു. രാത്രി ഏഴോടെ ചാലക്കുടിയിൽ നിന്ന് അതിരപ്പിള്ളിയിലേക്കുള്ള വഴിയിലായിരുന്നു സംഭവം.
content highlights:locals stage protest as five year old killed in wild elephant attack at athirappilly