കൊച്ചി> ഓഹരിവിപണി വീണ്ടും കരടികളുടെ പിടിയിലമർന്നു. ഒറ്റദിവസം നാല് ലക്ഷം കോടി രൂപയോളമാണ് നിക്ഷേപകർക്ക് നഷ്ടമായത്. തുടർച്ചയായ മൂന്നാംദിവസമാണ് വിപണി നഷ്ടം നേരിടുന്നത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില 92 ഡോളർ കടന്ന് കുതിക്കുന്നതും യുഎസ് ബോണ്ട് ആദായം വർധിക്കുന്നതും വിദേശനിക്ഷേപകർ വൻതോതിൽ ഓഹരി വിറ്റൊഴിഞ്ഞതുമാണ് വിപണിയെ നഷ്ടത്തിലേക്ക് നയിച്ചത്. ഈയാഴ്ച വരാനിരിക്കുന്ന റിസർവ് ബാങ്ക് പണ നയ പ്രഖ്യാപനത്തിൽ പലിശനിരക്ക് ഉയർത്തിയേക്കുമെന്ന വിലയിരുത്തലും വിപണിയെ സ്വാധീനിച്ചു.
ബിഎസ്ഇ സെൻസെക്സ് 1023.63 പോയിന്റ് നഷ്ടത്തിൽ 57621.19ലും എൻഎസ്ഇ നിഫ്റ്റി 302.7 പോയിന്റ് താഴ്ന്ന് 17213.6ലും വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സിൽ 1.75 ശതമാനവും നിഫ്റ്റിയിൽ 1.73 ശതമാനവുമാണ് നഷ്ടം. പൊതുമേഖലാ ബാങ്ക്, മെറ്റൽ, പവർ എന്നിവ ഒഴികെ മറ്റെല്ലാ സൂചികകളും നഷ്ടം നേരിട്ടു. ബിഎസ്ഇ ഓട്ടോ സൂചിക 1.24 ശതമാനവും ഐടി 1.22 ശതമാനവും എഫ്എംസിജി 1.7 ശതമാനവും ഇടിഞ്ഞു. എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി 3.65, ഐസിഐസിഐ ബാങ്ക് 2.31, കോട്ടക് മഹീന്ദ്ര 2.92 ശതമാനം വീതവും നഷ്ടം നേരിട്ടു. ബജാജ് ഫിനാൻസ് 3.15, ബജാജ് ഫിൻസെർവ് 2.94 ശതമാനം നഷ്ടത്തിലായി. വിപ്രോ (2.56), ടൈറ്റാൻ കമ്പനി (2.44), ഇൻഡസ് ഇൻഡ് ബാങ്ക് (2.35), എച്ച്യുഎൽ (2.18), ഏഷ്യൻ പെയിന്റ്സ് (1.94), ഭാരതി എയർടെൽ (1.9), ഐടിസി(1.67), ഇൻഫോസിസ് (1.5), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (1.33), മാരുതി സുസുകി (0.64) എന്നിവയാണ് നഷ്ടം നേരിട്ട മറ്റ് ചില പ്രധാന ഓഹരികൾ.
കനത്ത വിൽപ്പന സമ്മർദത്തിലും പവർഗ്രിഡ് കോർപറേഷൻ 1.88 ശതമാനം നേട്ടമുണ്ടാക്കി. എൻടിപിസി (0.67), എസ്ബിഐ (0.57), ടാറ്റാ സ്റ്റീൽ (0.57), അൾട്രാടെക് സിമന്റ് (0.32) ഓഹരികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.