ന്യൂഡൽഹി: അഴിമതിക്കെതിരെ നിലകൊള്ളേണ്ട ലോകായുക്തയെ വെറും നോക്കുകുത്തിയാക്കാനാണ് അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ച പിണറായി സർക്കാർ പുതിയ ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ.
കേന്ദ്ര ഗവൺമെന്റിന്റെ ഓർഡിനൻസുകളെ സ്ഥിരമായി എതിർക്കാറുള്ള സിപിഎംലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള ഓർഡിനൻസിനെക്കുറിച്ച് മൗനം പാലിക്കുന്നത് വിരോധാഭാസമാണ്. സ്വന്തം മന്ത്രിസഭയിലെ സിപിഐയുടെ എതിർപ്പിനെ അവഗണിച്ച് ഗവർണർക്കുമേൽ ലോകായുക്ത ഓർഡിനൻസ് അടിച്ചേൽപ്പിക്കുകയാണ് ഉണ്ടായത് എന്നത് പകൽ പോലെ വ്യക്തമാണ്.
ഭരണഘടനാ പദവി വഹിക്കുന്ന ഏതൊരു ഗവർണറും സ്വീകരിക്കുന്ന നടപടിക്രമങ്ങൾ കോൺഗ്രസ് നേതാക്കൾക്ക് അറിയാമെന്നിരിക്കെ ഗവർണറുടെ ഓഫീസിനെ ഓർഡിനൻസ് ഒപ്പുവെച്ചു എന്ന പേരിൽ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് രാഷ്ട്രീയ സങ്കുചിത മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു.