തിരുവനന്തപുരം > കെപിസിസി സെക്രട്ടറിമാരുടെയും ഡിസിസി ഭാരവാഹികളുടെയും നിയമനത്തിൽ ഗ്രൂപ്പുകളും നേതാക്കളും കൂടിയാലോചനയ്ക്കുപോലും വഴങ്ങിയില്ല. കെപിസിസി സെക്രട്ടറിമാരുടെ ജംബോ പട്ടികയുമായി പ്രസിഡന്റ് കെ സുധാകരൻ ഡൽഹിയിൽനിന്ന് തിരികെയെത്തി. പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചോയെന്ന് അറിവായിട്ടില്ല. സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി മാത്രമാണ് സുധാകരൻ ചർച്ച നടത്തിയത്. 50 പേരെ ഡിസിസി സെക്രട്ടറിമാരായി നിയമിക്കാനായിരുന്നു നീക്കം. കരട് പട്ടികയിൽ അതിലേറെ പേരുണ്ട്. സംഘടനാ തെരഞ്ഞെടുപ്പിന് സംസ്ഥാന വരണാധികാരി ചുമതലയേൽക്കുംമുമ്പ് നിയമനം നടത്താനുള്ള കെ സുധാകരന്റെ നീക്കവും പാളി. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ പട്ടിക കൈമാറിയിട്ടില്ല.
ഡിസിസി അഴിച്ചുപണിയിലും ഗ്രൂപ്പുകൾ മുഖം തിരിച്ചിരിക്കുന്നതിനാൽ മിക്ക ജില്ലകളിലും പട്ടികയായില്ല. ഈ മാസം അഞ്ചിനുള്ളിൽ പട്ടിക നൽകണമെന്നായിരുന്നു കെ സുധാകരന്റെ അന്ത്യശാസനം. വിമുഖത പ്രകടിപ്പിച്ച് അഴിച്ചുപണി നീട്ടിക്കൊണ്ടുപോകൽ തന്ത്രമാണ് ഗ്രൂപ്പുകളുടേത്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവ് വി ഡി സതീശനും തമ്മിൽ തർക്കം രൂക്ഷമാണ്. ഉമ്മൻചാണ്ടി, ചെന്നിത്തല എന്നിവരുമായി ഇതുവരെ ഒരുവിധ കൂടിയാലോചനയും നടത്തിയിട്ടില്ല. ഗോവയിലുള്ള ഉമ്മൻചാണ്ടിയും ചൊവ്വാഴ്ച തമിഴ്നാട്ടിലേക്ക് പോകുന്ന ചെന്നിത്തലയും പത്തിനേ തിരിച്ചെത്തൂ. ഇരുവരുമായി കെപിസിസി നേതൃത്വം കൂടിയാലോചന നടത്താത്തതിൽ ഗ്രൂപ്പുകൾ അസ്വസ്ഥരാണ്.
ജില്ലകളിൽനിന്ന് പട്ടിക വാങ്ങി കൂടെനിൽക്കുന്നവരെ നിലനിർത്തി തട്ടിക്കൂട്ട് പട്ടിക തയ്യാറാക്കാനാണ് ശ്രമം. എന്ത് വിലകൊടുത്തും ഇത് ചെറുക്കാൻ ഗ്രൂപ്പ് നേതൃത്വവും രംഗത്തുണ്ട്.