കോന്നി > എംബിബിഎസിന് ചേരാനാകാതെ എംഎൽഎ ഓഫീസിലേക്ക് കണ്ണീരോടെ എത്തിയ ജയലക്ഷ്മിയുടെ കണ്ണുകൾ ഇനിയൊരിക്കലും നിറയില്ല. പഠിക്കാൻ ആവശ്യമായ മുഴുവൻ തുകയും സിപിഐ എം നൽകും. അരുവാപ്പുലം കോയിപ്രത്ത് മേലേതിൽ അർജുനന്റെയും രമാദേവിയുടെയും മകളായ ജയലക്ഷ്മിയ്ക്കാണ് സിപിഐ എമ്മിന്റെ കരുതലിൽ മെഡിക്കൽ വിദ്യാഭ്യാസം ലഭിക്കുന്നത്.
2021ൽ എൻട്രൻസ് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച് പാലക്കാട് ദാസ് മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചെങ്കിലും പണമില്ലാത്തതിനാൽ കോളേജിൽ ചേരാനായില്ല. വീട്ടിലിരുന്ന് പഠനം തുടർന്ന ജയലക്ഷ്മി ഈ വർഷവും 6797-ാം റാങ്ക് നേടി. ഇടുക്കി ജില്ലയിലെ തൊടുപുഴ അൽ അസർ മെഡിക്കൽ കോളേജിൽ പ്രവേശനവും ലഭിച്ചു. കോഴ്സിനു ചേരാൻ എൻട്രൻസ് കമീഷണറുടെ പേരിൽ മൂന്നും കോളേജിൽ ഫീസായി നാലും ലക്ഷവും നൽകണം. നിരവധിയാളുകളോട് സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. ജയലക്ഷ്മി അമ്മയെയുംകൂട്ടി നിറകണ്ണുകളുമായി ഞായറാഴ്ച അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ ഓഫീസിലെത്തി. എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിനെ വിവരം അറിയിച്ചു.
എല്ലാ പിന്തുണയും നൽകുമെന്നറിയിച്ച കെ പി ഉദയഭാനു തിങ്കളാഴ്ച രാവിലെ എംഎൽഎയോടൊപ്പം ജയലക്ഷ്മിയുടെ വീട്ടിലെത്തി എൻട്രൻസ് കമീഷണർക്ക് അടയ്ക്കാനുള്ള മൂന്നു ലക്ഷം രൂപ കൈമാറി. കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാൻ ശ്രമിച്ച ജയലക്ഷ്മിയെ കെ പി ഉദയഭാനു തടഞ്ഞു. ‘ആരുടെയും കാലുപിടിക്കരുത്. തലയുയർത്തിനിന്നു മുന്നോട്ട് പോകണം’‐ ഉദയഭാനു പറഞ്ഞു.
കോളേജിൽ അടയ്ക്കാനുള്ള നാലു ലക്ഷം രൂപ കണ്ടെത്തി നൽകും. പഠനം പൂർത്തിയാക്കാൻ 30 ലക്ഷം രൂപയോളം വേണം. ബഹുജന പിന്തുണയോടെ പഠനച്ചെലവ് സിപിഐ എം ഏറ്റെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഏരിയാ സെക്രട്ടറി ശ്യാംലാൽ, ബ്ലോക്ക് പഞ്ചായത്തംഗം വർഗീസ് ബേബി, ഏരിയാ കമ്മിറ്റി അംഗം കോന്നി വിജയകുമാർ, ലോക്കൽ സെക്രട്ടറി കെ എസ് സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
എംഎൽഎയുടെ എഡ്യൂകെയർ പദ്ധതി കോ-ഓർഡിനേറ്റർ രാജേഷ് ആക്ളേത്ത് ജയലക്ഷ്മിയേയും മാതാപിതാക്കളെയും കൂട്ടി തൊടുപുഴയിലേക്ക് പോയി. രണ്ടു ദിവസത്തിനുള്ളിൽ പ്രവേശന നടപടികൾ പൂർത്തിയാക്കും. കൂലിപ്പണിക്കാരനും രോഗിയുമായ അച്ഛന്റെയും വീട്ടുജോലി ചെയ്യുന്ന അമ്മയുടെയും കഷ്ടപ്പാടുകൾക്കു നടുവിൽ നിന്നാണ് ജയലക്ഷ്മി എൻട്രൻസിൽ വിജയിച്ചത്. എംഎൽഎയെ കണ്ടതോടെയാണ് പ്രതീക്ഷയായതെന്നും നാട്ടുകാർക്ക് സഹായിയായ ഡോക്ടറായി മകൾ മാറുമെന്നും അമ്മ രമാദേവി പറഞ്ഞു.
സഹായം സ്വീകരിക്കാൻ അക്കൗണ്ട് തുറന്നു പഠനസഹായത്തിന് കോന്നി ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയതായി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയുടെയും ജയലക്ഷ്മിയുടെയും പേരിൽ ജോയിന്റ് അക്കൗണ്ടാണ് തുടങ്ങിയത്. എസ്ബി അക്കൗണ്ട് നമ്പർ: 10650100363951. ഐഎഫ്എസ്സി കോഡ്- FDRL0001065.














