പാലക്കാട് > പാട്ടക്കാലാവധി കഴിഞ്ഞിട്ടും എൻഎസ്എസ് കൈവശം വയ്ക്കുന്ന 66.5 ഏക്കർ ഭൂമി ചാത്തൻകുളങ്ങര ക്ഷേത്രത്തിന് തിരിച്ചുനൽകണമെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 1960ൽ അകത്തേത്തറ എൻഎസ്എസ് കോളേജ് ആരംഭിക്കുമ്പോൾ ക്ഷേത്രത്തിന്റെ 50 ഏക്കർ ഭൂമി 36 വർഷത്തെ പാട്ടത്തിന് എൻഎസ്എസിന് നൽകി. വർഷം 300 രൂപയായിരുന്നു പാട്ടത്തുക. 1992 വരെ പാട്ടം നൽകി. പിന്നീട് അതും നിലച്ചു.
പാട്ടക്കാലാവധി കഴിഞ്ഞശേഷം ഭൂമി തരികെ കിട്ടാൻ സമീപിച്ചപ്പോഴാണ് ഭൂമിക്ക് അനധികൃതമായി പട്ടയം സമ്പാദിച്ച കാര്യം അിറിയുന്നത്. മാത്രമല്ല, അതിനോടു ചേർന്ന ക്ഷേത്രത്തിന്റെ 16.5 ഏക്കർ സ്ഥലത്തിനും പട്ടയം സമ്പാദിച്ചിരുന്നു. ഇത് റദ്ദാക്കാൻ ലാൻഡ് ട്രിബ്യൂണലിൽ പരാതി നൽകി. എന്നാൽ ദേവസ്വത്തിന്റെ ഭാഗം കേൾക്കാതെ എൻഎസ്എസിന് അനുകൂലമായി ട്രിബ്യൂണൽ ഉത്തരവിട്ടു. ഇതിനെതിരെ അപ്ലറ്റ് അതോറിറ്റിയെ സമീപിക്കുകയും പട്ടയം നൽകിയത് മരവിപ്പിക്കുകയും ചെയ്തു.
ഇത് സംബന്ധിച്ച് കേസ് ഹൈക്കോടതിയിൽ നിലനിൽക്കുകയും ഭൂമിയിൽ ഒരുതരത്തിലുള്ള മാറ്റവും വരുത്തരുതെന്ന് ഉത്തരവും ഉണ്ടായിരിക്കെയുമാണ് ലക്ഷങ്ങൾ വിലവരുന്ന മരം മുറിച്ചുകടത്തിയത്. അകത്തേത്തറയിൽ പുലിശല്യമുള്ളതിനാൽ അടിക്കാട് വെട്ടണമെന്ന പഞ്ചായത്ത് ഉത്തരവിന്റെ മറവിയലാണ് വൻതോതിലുള്ള മരം കൊള്ള. ഇത് ഹൈക്കോടതിയെ അവഹേളിക്കലാണ്.
ക്ഷേത്രഭൂമി അന്യാധീനപ്പെടാൻ ഒരു കാരണവശാലും അനുവദിക്കില്ല. ഏറ്റവും ചെറിയ വരുമാനത്തിൽ പ്രവർത്തിക്കുന്ന ക്ഷേത്രമാണ് ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രം. വൻതുക മുടക്കി കേസ് നടത്താൻ ക്ഷേത്രത്തിന് കഴിയില്ല. ഈ ദൗർബല്യം മുതലെടുത്ത് കോടതി വ്യവഹാരങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് അപലപനീയമാണ്. ക്ഷേത്രത്തിന് അവകാശപ്പെട്ട ഭൂമി അനധികൃതമായി കൈവശം വയ്ക്കുകയും മരങ്ങൾ മുറിച്ചുകടത്തുകയും ചെയ്യുന്നത് നീതിപൂർവമല്ല.
മാന്യമായ സമീപനം എൻഎസ്എസിൽനിന്ന് പ്രതീക്ഷിക്കുന്നതായും എം ആർ മുരളി പറഞ്ഞു. ദേവസ്വംബോഡ് അംഗം ഓട്ടൂർ ഉണ്ണിക്കൃഷ്ണൻ, ചാത്തൻകുളങ്ങര ദേവസ്വം ബോർഡ് ട്രസ്റ്റി നന്ദകുമാർ, അസിസ്റ്റന്റ് കമീഷണർമാരായ സതീഷ്കുമാർ, വിനോദ്കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.















