കൊച്ചി: സിൽവർലൈൻ പദ്ധതി സർവേക്ക് എതിരേ ഹൈക്കോടതി. സർവേയുടെ ഉദ്ദേശം എന്താണെന്ന് മ നസിലാകുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഡിപിആറിൽ ശരിയായ സർവേ നടത്തിയെങ്കിൽ ഇപ്പോഴത്തെ സർവേ എന്താനാണെന്നും കോടതി ചോദിച്ചു. എന്നാൽ സമാനമായ ഹർജിയിൽ ഡിവിഷൻ ബെഞ്ചിൽ വിധി വരാനുണ്ടെന്നും എതിർ സത്യവാങ്മൂലം നൽകാൻ കൂടുതൽ സമയം വേണമെന്നും സർക്കാർ വാദിച്ചു. കേസ് മാറ്റിവെക്കണമെന്നും സിംഗിൾ ബെഞ്ചിനോട് സർക്കാർ ആവശ്യപ്പെട്ടു.
നേരത്തെ, സിൽവർലൈൻ പദ്ധതിയുടെ സർവേ നടപടികൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് താൽക്കാലികമായി തടഞ്ഞിരുന്നു. ഹൈക്കോടതിയെ സമീപിച്ച പത്തിലധികം ഹർജിക്കാരുടെ ഭൂമിയിലെ സർവേ നടപടികളാണ് ഹൈക്കോടതി സിംഗിൾബെഞ്ച് തടഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു ഹർജി ഹൈക്കോടതിയുടെ പരിഗണക്ക് എത്തിയപ്പോഴാണ് സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യംചെയ്യുന്ന ചില ചോദ്യങ്ങൾ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായത്.
എന്തിനുവേണ്ടിയാണ് ഈ സർവേ നടത്തുന്നതെന്നുംഅതിന്റെ ഉദ്ദേശശുദ്ധി മനസിലാകുന്നില്ലെന്നുംഹൈക്കോടതി സർക്കാർ അഭിഭാഷകനോട് ചോദിച്ചു. ഡിപിആർ തയ്യാറാകുന്നതിന് മുമ്പായിരുന്നു ശരിയായ സർവേ നടപടികൾ പൂർത്തിയാക്കേണ്ടിയിരുന്നത്. ഇപ്പോൾ എന്ത് സാഹചര്യത്തിലാണ് സർവേ നടപടികളുമായി മുന്നോട്ട് പോകുന്നത്. നിയമപരമല്ലാത്ത സർവേ നടപടികളായതിനാലാണ് തടഞ്ഞതെന്ന കാര്യവും കോടതി ചൂണ്ടിക്കാണിച്ചു.
നേരത്തെ സിംഗിൾ ബഞ്ചിന്റെ ഉത്തരവിനെതിരേ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരുന്നു. സർക്കാർ നൽകിയ അപ്പീലിൽ വാദം കേട്ട ഡിവിഷൻ ബെഞ്ച് അതിൽ വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് സിംഗിൾ ബെഞ്ച് ഇത്തരത്തിലൊരു പ്രതികരണം നടത്തിയിരിക്കുന്നത്. എതിർ സത്യവാങ്മൂലം നൽകാൻ കൂടുതൽ സമയം വേണമെന്നും കേസ് മാറ്റിവെക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
Content Highlights:High Court against Kerala Government on Silverline project survey